കായലിലും കരുത്ത് കാട്ടി രാഹുൽ ഗാന്ധി; പുന്നമടക്കായലിൽ നടത്തിയ പ്രദർശന വള്ളംകളിയിൽ രാഹുൽ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം

കരയിൽ മാത്രമല്ല, കായലിലും കരുത്ത് കാട്ടി രാഹുൽ ഗാന്ധി. പുന്നമടക്കായലിൽ നടത്തിയ പ്രദർശന വള്ളംകളിയിൽ രാഹുൽ ഗാന്ധി തുഴയെറിഞ്ഞ ചുണ്ടന് കിരീടം. ഭാരത് ജോഡോ യാത്രയുടെ ഇടവേളയിലാണ് രാഹുൽ ഗാന്ധി തുഴയെറിയാൻ സമയം കണ്ടെത്തിയത്.
നടുവിലാപ്പറമ്പിന്റെ നടുവിലായി രാഹുൽ തുഴയെറിയാൻ എത്തിയപ്പോൾ പുന്നമടക്കായലിൽ ആവേശം വാനോളം. രാഹുലിനൊപ്പം തുഴ പിടിച്ച കെ സി വേണുഗോപാലും. ആനാരിയും വള്ളംകുളങ്ങരയും കട്ടക്ക് പിടിച്ചെങ്കിലും രാഹുലും കൂട്ടരും ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചു. കെസി വേണുഗോപാലിന്റെ ആനാരി ചുണ്ടൻ രണ്ടാമതെത്തി. തുഴയെറിയാൻ പഠിപ്പിച്ച സഹതാരങ്ങൾക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.
നെഹ്റുവിൻ്റെ ഓർമ്മകളുറങ്ങുന്ന പുന്നമടക്കായലിൽ തുഴയെറിഞ്ഞ് നേടിയ ജയം ഭാരത് ജോഡോ യാത്രയിലും ആവർത്തിക്കുമെന്ന് പറഞ്ഞാണ് രാഹുൽ മടങ്ങിയത്.
ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കുകയാണ്. 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോയത്. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്രയുടെ ഭഗമായി.
ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ഓരോയിടത്തും ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. അരൂരാണ് സമാപന സമ്മേളനം.
ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.





