കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ പരിക്ക് ഗുരുതരം
കൊല്ലം : കൊല്ലം കല്ലുവാതുക്കലിൽ ഒരു കുട്ടി ഉൾപ്പെടെ അയൽക്കാരായ മൂന്ന് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരാളുടെ പരിക്ക് ഗുരുതരം.കല്ലുവാതുക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.വിലവൂർക്കോണം പോയികവിള വീട്ടിൽ ബാലചന്ദ്രൻ പിള്ള (58), കാട്ടുപുറം കോടാട്ട് ശിശിരത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ ഗിരിജ കുമാരി, അയൽവാസിയായ എട്ടാം ക്ലാസുകാരി എന്നിവർക്കാണ് കടിയേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന ഗിരിജ കുമാരിയെയും അടുത്ത വീട്ടിലെ കുട്ടിയെയും കടിച്ച ശേഷമാണ് കുറുക്കൻ വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ബാലചന്ദ്രൻ പിള്ളയെ കടിച്ചത്.
കാലിൽ കടിയേറ്റ ബാലചന്ദ്രൻ പിള്ള കുറുക്കനുമായുള്ള മൽപ്പിടുത്തത്തിനിടയിൽ തെറിച്ചുവീണ് കാലൊടിയുകയും പരിക്കേൽക്കുകയും ചെയ്തു.ഇദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കടിയേറ്റ ഗിരിജകുമാരി ആദ്യം ഓയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും ചികിത്സ തേടി. കടിയേറ്റ കുട്ടിയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.
കോടാട്ട് ഭാഗം കാട്ടുപുറം, കോടക്കയം നെടുങ്ങോട് തുടങ്ങിയ ഭാഗങ്ങളിൽ കാട്ടുപന്നി, കുറുക്കൻ, മുള്ളൻ പന്നി, കീരി തുടങ്ങിയവയുടെ ശല്യം ദിവസം തോറും വർധിച്ചു വരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കുറുക്കൻമാർ കൂട്ടത്തോടെ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആയിരവല്ലി ചാത്തന്നൂർ മലക്ക് സമീപത്ത്നിന്നാണ് വന്യജീവികൾ എത്തുന്നതെന്നാണ് പറയുന്നത്.