ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ വി എം ആശുപത്രിയിൽ യുവതി പ്രസവിച്ചത്.
ഇന്ന് ഉച്ചയോടുകൂടിയാണ് ചേർത്തല പൊലീസിന് വിവരം ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തുകയും തുടർന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അഡ്മിഷൻ വിവരങ്ങൾ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാർജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കുഞ്ഞിനെ തൃപ്പൂണിത്തറയിലെ ഒരു കൂട്ടർക്ക് വിറ്റതായാണ് യുവതി പറഞ്ഞത്, യുവതി ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെക്കുകയായിരുന്നു. വയറ്റിൽ മുഴ ആണെന്നാണ് വീട്ടിൽ പറഞ്ഞത് , ബൈസ്റ്റാൻഡറായി ആശുപത്രിയിൽ നിന്നത് വാടകയ്ക്ക് നിർത്തിയ സ്ത്രീ ആണെന്നും വളർത്താൻ നിവർത്തിയില്ലാത്ത കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് യുവതി പറഞ്ഞതെന്ന് വാർഡ് മെമ്പർ ഷിൽജ കൂട്ടിച്ചേർത്തു.