Kozhikode

നാദാപുരം കോടതിയിലെ മോഷണം; ‘തൊണ്ടിമുതലായ’ വ്യാജസ്വർണം ‘പണയം’ വച്ചു, പ്രതി പിടിയിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നാദാപുരം കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണഉരുപ്പടികൾ മോഷ്‌ടിച്ച് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ. ചൊക്ലിയിൽ താമസിക്കുന്ന കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടിൽ സനീഷ് ജോർജ്ജാണ് (44) പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 17 നാണ് നാദാപുരം കല്ലാച്ചി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ സ്ട്രോങ് റൂമിൽ മോഷണം നടന്നത്. നാദാപുരം, വളയം പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത മോഷണക്കേസുകളിൽ പിടികൂടിയ വ്യാജ സ്വർണമാണ് സനീഷ് മോഷ്ടിച്ചത്. തുടർന്ന് മാഹിയിലെ ദേശസാൽകൃത ബാങ്കിൽ സ്വർണം പണയപ്പെടുത്തി 1,86,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കാസർകോട് വിദ്യാനഗർ പോലീസ് വിവിധ മോഷണക്കേസുകളിൽ സനീഷിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നാദാപുരത്തെ കോടതിയിലും പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയത് ഇയാളാണെന്ന് തെളിഞ്ഞത്. പിന്നാലെ നാദാപുരം പോലീസ് സനീഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കോടതിയിൽ നിന്നും കവർന്ന 40ഗ്രാമിലേറെ സ്വർണ ഉരുപ്പടികൾ മാഹിയിലെ ബാങ്കിൽ പണം വച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ഇവ ബാങ്കിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഇന്ന് കോടതിയിൽ ഹാജരാക്കും. കാസർകോട് ജില്ലയിൽ മാത്രം ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സനീഷ്. മോഷ്ടാക്കളായ നാദാപുരം മാക്കൂൽ റയീസ്, വാണിമേൽ സ്വദേശി ഇസ്മയിൽ എന്നിവരാണ് നാദാപുരത്തെ സഹകരണ ബാങ്കുകളിൽ നേരത്തെ വ്യാജ സ്വർണം പണയപ്പെടുത്തിയത്. തുടർന്ന് ഈ പണയ ഉരുപ്പടികൾ വിവിധ ബാങ്കുകളിൽ നിന്നും കസ്റ്റഡിയിലെടുത്ത് പോലീസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ഇതാണ് സ്വർണമാണെന്ന് കരുതി സനീഷ് മോഷ്ടിച്ചത്.

Related Articles

Back to top button