Wayanad

ഉരുൾദുരന്തത്തിൽ ഒരു നാട് ഒലിച്ചു പോയിട്ട് ഒരുമാസം; അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി

Please complete the required fields.




മുണ്ടക്കൈ: ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്തം നടന്ന് ഒരു മാസമാകുമ്പോഴും സർക്കാരിൻറെ അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രായമായവരുൾപ്പെടെ വീടുകളിൽ ഉള്ളതിനാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഉരുൾ പൊട്ടൽ മൂലം സർവ്വവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് 10,000 രൂപയാണ് സർക്കാർ അടിയന്തിര ധനസഹായമായി നൽകുന്നത്.

ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ രണ്ടു പേർക്ക് പ്രതി ദിനം മുന്നൂറ്‌ രൂപ വീതവും നൽകുന്നുണ്ട്. എന്നാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധു വീടുകളിലേക്ക് മാറിയവർക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. അർഹരായ നിരവധി പേർ സഹായം ലഭിക്കാതെ ഇപ്പോഴും പുറത്താണെന്നും ഏകോപന കമ്മിറ്റി രൂപീകരിച്ച് സർക്കാർ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ടി. സിദ്ധീഖ് എംഎൽ എ ആവശ്യപ്പെട്ടു.

സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ദുരിതത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട കുടുംബങ്ങൾ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്.

Related Articles

Back to top button