Kozhikode

വൈദ്യുത തൂണുകളിൽനിന്നും വാഹനങ്ങൾ ചാർജ് ചെയ്യാം; ഓട്ടത്തിനിടെ വഴിയിൽ പെട്ടുപോകുമെന്ന പേടി വേണ്ട

Please complete the required fields.




കോഴിക്കോട്: ഓട്ടത്തിനിടെ ചാർജ് തീർന്ന് വണ്ടി വഴിയിൽ പെട്ടുപോകുമെന്ന പേടി വേണ്ട. കെഎസ്ഇബിയും സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡും ചേർന്ന് നഗരത്തിൽ 10 സ്ഥലങ്ങളിലാണ് ചാർജിങ് സംവിധാനം സ്ഥാപിക്കുന്നത്. വൈദ്യുത തൂണുകളിലാണ് ചാർജിങ് പോയിന്റുകൾ.  പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്ന പദ്ധതിയിൽ പോയിന്റുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സരോവരം ബയോ പാർക്കിന് അടുത്തുള്ള പോയിന്റ് രണ്ടു ദിവസത്തിനുള്ളിൽ ഉപയോഗിക്കാൻ കഴിയും.

പലതരത്തിലുള്ള ചാർജിങ് പോയിന്റുകളാണ് സ്ഥാപിക്കുന്നത്. പത്ത് സ്ഥലങ്ങളിലാണ് പോയിന്റുകൾ സ്ഥാപിക്കുന്നത്. വൈദ്യുതി തൂണിൽ പിടിപ്പിക്കുന്നതാണ് ആദ്യത്തേത്. ഇത് സ്ലോ ചാർജ് സംവിധാനമാണ്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും മാത്രമാണ് ഇതിൽ നിന്നു ചാർജ് ചെയ്യാൻ സാധിക്കുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും മറ്റു പദ്ധതികൾ തീരുമാനിക്കുന്നത്. മൊബൈൽ ആപ് വഴിയാണ് പ്രവർത്തനം. പണവും ഓൺലൈനായി തന്നെ അടയ്ക്കാം.  ആപിൽ കയറി ലൊക്കേഷൻ ഓൺ ചെയ്യുമ്പോൾ അടുത്തുള്ള ചാർജിങ് പോയിന്റുകളും തിരക്ക് കുറവ് ഉള്ളവയും കാണിക്കും.

10–13 രൂപയാണ് ഒരു യൂണിറ്റിന് ഈടാക്കുക. ഒരു ഓട്ടോയ്ക്ക് 7 യൂണിറ്റ് ചാർജ് വേണ്ടി വരും. വണ്ടി ഫുൾ ചാർജിൽ 100–130കിലോ മീറ്റർ വരെ ഓടും. പ്രകൃതി സൗഹൃദമെന്ന നിലയ്ക്ക് സർക്കാർ വായ്പയും സബ്സിഡിയും നൽകി ഇറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ പലതും ചാർജിങ് പോയിന്റുകൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഓട്ടോയ്ക്ക് 400 രൂപയ്ക്ക് പെട്രോളോ ഡീസലോ നിറയ്ക്കുമ്പോൾ വൈദ്യുത ഓട്ടോയ്ക്ക് അതിൽ താഴെയാണ് ചെലവ്. ഒരു ഓട്ടോയ്ക്ക് ദിവസം പെട്രോൾ, ഡീസൽ ഇനത്തിൽ 300 രൂപയാണ് ചെലവാകുന്നത്. മാസാവസാനം തുക പതിനായിരത്തിലെത്തും.

ചാർജ് മോഡ് സ്റ്റാർട്ടപ്പ്

2018–ൽ കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ രാമൻ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ സുഹൃത്തുക്കൾ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്.  ചാർജിങ് പോർട്ട് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവ് വരുന്നിടത്താണ് 30000–35000 ചെലവിൽ ഇവർ പ്രവർത്തിക്കുന്നത്. ചാർജിങ് മെഷീന് ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്റ്റാർട്ടപ്പ് കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും.

ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ

സരോവരം മിനി ബൈപാസ് ബെവ്കോയ്ക്ക് സമീപം, സോരവരം ബയോ പാർക്കിനു സമീപം, ചെറൂട്ടി നഗർ ജംക്​ഷൻ, ജോസഫ് റോഡ്,  മേയർ ഭവൻ, മുത്തപ്പൻ കാവ്, മൂന്നാലിങ്കലിന് സമീപം, വെള്ളയിൽ ഹാർബർ പുതിയ കവാടത്തിനടുത്ത്,  കസ്റ്റംസ് ക്വാർട്ടേഴ്സിന് അടുത്ത് വാണിജ്യ നികുതി ഓഫിസ് റോഡിന് സമീപം

പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തി കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. മറ്റും ജില്ലകളിലേക്കും വ്യാപിപ്പിക്കും.

Related Articles

Leave a Reply

Back to top button