
ഡി. ഗുകേഷ് എന്ന പ്രതിഭ കരുനീക്കം തുടങ്ങിയത് ഏഴാം വയസ്സിലാണ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളി ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടുമ്പോള്‍ 17 വയസ്സുമാത്രം. വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക)യുടെ സന്തതിയാണ്. 2020 മുതല്‍ ഇവിടെ പരിശീലിക്കുന്നു. തെലുഗു കുടുംബത്തില്‍ 2006 മേയ് 29-ന് ചെന്നൈയിലാണ് ജനനം. മാതാപിതാക്കള്‍ ആന്ധ്രാപ്രദേശുകാരാണ്. പിതാവ് ഡോ. രജനികാന്ത് ഇ.എന്‍.ടി. സര്‍ജനും അമ്മ പദ്മ മൈക്രോബയോളജിസ്റ്റും. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയയില്‍ പഠിക്കവേ കളി തുടങ്ങി. 12 വയസ്സും ഏഴുമാസവും 17 ദിവസവുമായപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററായി.
ബെസ്റ്റിന്ത്യന്‍ ;ഇക്കുറി കാന്‍ഡിഡേറ്റ്സില്‍ നാട്ടുകാരായ പ്രഗ്‌നാനന്ദയെയും വിദിത് ഗുജറാത്തിയെയും ഗുകേഷ് തോല്‍പ്പിച്ചു. ഗുകേഷിനെക്കാള്‍ രണ്ടുറാങ്ക് മുന്നിലാണ് പ്രഗ്‌നാനന്ദ. അലിറാസ ഫിറോസ്ജ, നിജാത് അബസോവ് എന്നിവരെയും തോല്‍പ്പിച്ചു. വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. ”ടൂര്‍ണമെന്റിന്റെ തുടക്കം നന്നായിരുന്നു. എന്നാല്‍, ഏഴാം റൗണ്ടില്‍ അലിറാസയോടേറ്റ പരാജയത്തോടെ തകര്‍ന്നുപോയി. ഈ പരാജയത്തില്‍നിന്നുള്ള ഊര്‍ജം സ്വീകരിച്ചാണ് അടുത്തമത്സരങ്ങളില്‍ കളിച്ചത്” -ഗുകേഷ് പറഞ്ഞു.
ഇന്ത്യന്‍ കുതിപ്പ് ;കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനും സാക്ഷിയായി. എട്ടുപേര്‍വീതം പങ്കെടുത്ത ടൂര്‍ണമെന്റില്‍ പുരുഷവിഭാഗത്തില്‍ മൂന്നും വനിതാ വിഭാഗത്തില്‍ രണ്ടുപേരും ഇന്ത്യക്കാരായിരുന്നു. ഏഴുപോയിന്റുമായി പ്രഗ്‌നാനന്ദ അഞ്ചും വിദിത് സന്തോഷ് ഗുജറാത്തി (ആറ്) ആറാംസ്ഥാനവും നേടി. വനിതകളില്‍ കൊനേരു ഹംപി, ആര്‍. വൈശാലി എന്നിവരും ശക്തമായ മത്സരംകാഴ്‌ചെവച്ചു.





