നാദാപുരത്ത് സ്കൂളിൽ റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക് മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് : നാദാപുരം ഉമ്മത്തൂരിൽ സ്കൂളിൽ റാഗിംങ്ങ് . പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്. മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് സീനിയർ വിദ്യാർത്ഥികൾ അക്രമിച്ചത്. വളയം എ കെ ജംഗ്ഷനടുത്തെ എലിക്കുന്നുമ്മൽ മജീദിൻ്റെ മകൾ റിയാ ഫാത്തിമ (16)യെയാണ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
സ്കൂളിൽ നിന്ന് അധ്യാപകർ അറിയിച്ചതനുസരിച്ച് രക്ഷിതാക്കളെത്തി കഴുത്തിന് മുറിവേറ്റ പെൺ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ റിയ ഇന്ന് കായിക ക്ഷമതാ പരിശീലന ക്യാമ്പിൽ എത്തിയതായിരുന്നു.
വളയം പൊലീസ് സ്റ്റേഷനിൽ എത്തി കുട്ടിയും രക്ഷിതാക്കളും പരാതി നൽകി. മൂന്ന് സീനിയർ പെൺ കുട്ടികൾ ചേർന്നാണ് തൻ്റെ മുഖത്ത് അടിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തതതെന്നും ഇവർ കൈപിടിച്ചു ഒടിക്കാൻ ശ്രമിച്ചതായും റിയ പൊലീസിന് മൊഴി നൽകി. വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





