കാസർകോട്: കോടതി, തപാൽ ഓഫീസ്, സ്‌കൂളുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ.
കോഴിക്കോട് തൊട്ടിൽപ്പാലം കാവിലമ്പാറ നാലോന്നുകാട്ടിൽ സനൽ എന്ന സനീഷ് ജോർജിനെ (44) ആണ് കാസർകോട് ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചൊക്ലി പടന്നക്കരയിലാണ് ഇയാൾ താമസിക്കുന്നത്.കാസർകോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.
കോടതിയുടെ ഗ്രിൽ പൊളിച്ച അതേദിവസം കാസർകോട് ചെങ്കളയിലെ മരമില്ലിൽ കയറി 1.84 ലക്ഷം കവർന്നത് താനാണെന്നും ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.
കോടതിയിൽനിന്ന് ഒന്നും കിട്ടാത്തതിനാൽ സമീപത്തെ തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാൽ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെർക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോൾ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാൾ നൽകിയ മൊഴി.
സി.സി.ടി.വി. ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ചയാളാണ് മോഷണത്തിന് ശ്രമിച്ചതെന്ന് വ്യക്തമായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. അങ്കമാലിയിൽനിന്നാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരിലുള്ള മരമില്ലുകളിൽ മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മേയ് 17-ന് സുൽത്താൻബത്തേരി കോടതിയിലെ റെക്കോഡ് മുറി കുത്തിത്തുറന്ന് തൊണ്ടിമുതലായ നാലുപവൻ സ്വർണം അപഹരിച്ചതടക്കം 15 കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയി പറഞ്ഞു.