India

നാവികസേന ദൗത്യമേഖലയില്‍നിന്ന് മടങ്ങി; ഡ്രഡ്ജര്‍ എത്തിക്കാനുള്ള പരിശോധനയ്ക്ക് തൃശ്ശൂരിൽനിന്നുള്ള സംഘം

Please complete the required fields.




അങ്കോല/തൃശ്ശൂര്‍: ഷിരൂരില്‍ അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചു.യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും.കുത്തൊഴുക്കില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന പരിശോധന നടത്താനാണ് ഇവിടെനിന്ന് വിദഗ്ധര്‍ പോകുന്നത്. പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.

മഴ മാറിനില്‍ക്കുകയാണ്. എന്നാല്‍, പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ കഴിയുന്ന സാഹചര്യം ഇനിയുമായിട്ടില്ല. വെള്ളത്തിന് മുകളില്‍നിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്ജര്‍.ഒഴുക്ക് അനുകൂലമായില്ലെങ്കില്‍ ഇത് ഷിരൂരില്‍ എത്തിച്ചാലും ഉപയോഗിക്കാന്‍ സാധിക്കില്ല. ഉപയോഗിക്കാനുള്ള സാധ്യത പരിശോധിച്ചശേഷം ഡ്രഡ്ജര്‍ എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ നിലപാട്.അനുമതി നല്‍കിയാല്‍ 24 മണിക്കൂറിനകം ഡ്രഡ്ജര്‍ എത്തിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ പുരോഗമിക്കുന്നുണ്ട്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഷിരൂരിര്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവലിയില്‍ ഒഴുക്ക് കുറയുന്നതുവരെ തുടരാന്‍ നാവികസേനയോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം.

Related Articles

Back to top button