അയ്യയ്യോ പാവം ! മോഷ്‌ടിക്കാൻ കയറി, അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയിൽ ഉറങ്ങി, കള്ളനെ വിളിച്ചുണർത്തി പോലീസ്

കോയമ്പത്തൂർ: മദ്യപിച്ച് മോഷ്ടിക്കാൻകയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം.മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പോലീസും ചേർന്ന് പിടികൂടി. കഴിഞ്ഞദിവസം പകൽസമയത്ത് രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്.
മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി.ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയിൽ ഉറങ്ങി. മണിക്കൂറുകൾക്ക് ശേഷം രാജൻ തിരികെയെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്.സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ കാട്ടൂർ പോലീസിനെ വിവരമറിയിച്ചു.എസ്.ഐ.മാരായ പളനിച്ചാമി, പെരുമാൾസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.