Thiruvananthapuram
മഴകനക്കും; വെള്ളക്കെട്ടിന് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിലാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും മഞ്ഞ അലർട്ടാണ്.
മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിരമായി വെള്ളക്കെട്ടു രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാംപുകളിലേക്ക് മാറണമെന്നും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണമെന്നും മുന്നറിയിപ്പുണ്ട്.




