
കരീം ബെൻസമയെയും കിലിയൻ എബാംപെയും മറികടന്ന് ആരാധകരുടെ പ്രതീക്ഷ ശരിവച്ച് ലയണൽ മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം. മികച്ച വനിതാ ഫുട്‌ബോളറായി സ്പാനിഷ് താരം അലക്‌സിയ പുട്ടിയസ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണൽ സ്‌കലോണിയാണ് മികച്ച പരിശീലകൻ. ഗോൾകീപ്പറായി എമിലിയാനോ മാർട്ടിൻസും തെരഞ്ഞെടുക്കപ്പെട്ടു.
ലോക ചാമ്പ്യന്മാർ ഫിഫ പുരസ്‌കാര വേദിയിലും തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ച് നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഖത്തർ ലോകകപ്പിൽ, അർജന്റീനയുടെ വിജയത്തിന് ആവേശം വിതറിയ അർജന്റീന ആരാധകരാണ് ഫിഫയുടെ ബെസ്റ്റ് ഫാൻ പുരസ്‌കാരം നേടിയത്. മികച്ച വനിതാ ഗോൾകീപ്പർ ആയി മേരി ഏർപ്‌സും പരിശീലകയായി സറീന വീഗ്മാനും പുരസ്‌കാര പട്ടികയിൽ ഇടം നേടി. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഭിന്നശേഷിക്കാരനായ മാർച്ചിൻ ഒലസ്‌കി സ്വന്തമാക്കി.
അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഓർമ്മകൾ നിറഞ്ഞ പാരീസിലെ വേദിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.





