World

ബ്രസീലിനെ സമനിലയില്‍ തളച്ച് ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാര്‍ട്ടറില്‍

Please complete the required fields.




കാലിഫോര്‍ണിയ : കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് കൊളംബിയ. 12-ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ മഞ്ഞപ്പടയ്‌ക്കെതിരേ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിയല്‍ മുനോസ് നേടിയ ഗോളില്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.

ജൂലായ് ഏഴിന് നടക്കുന്ന ക്വാര്‍ട്ടറില്‍ യുറഗ്വായാണ് ബ്രസീലിന്റെ എതിരാളികള്‍. കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും.
നിര്‍ണായക മത്സരത്തില്‍ ശക്തമായ ടീമിനെ തന്നെയാണ് ബ്രസീല്‍ കോച്ച് ഡോറിവല്‍ ജൂനിയര്‍ കളത്തിലിറക്കിയത്. കഴിഞ്ഞമത്സരത്തില്‍ മഞ്ഞക്കാര്‍ഡുകണ്ട വിനീഷ്യസ് ജൂനിയറും ലൂക്കാസ് പക്വേറ്റയും ആദ്യപതിനൊന്നില്‍ ഉള്‍പ്പെട്ടേക്കില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇരുവരും കളിച്ചു. എന്നാല്‍ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ മഞ്ഞക്കാര്‍ഡ് കണ്ട വിനീഷ്യസിന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകും. ബ്രസീലിന് കനത്ത തിരിച്ചടിയാകും ഇത്.കളിയുടെ തുടക്കം മുതല്‍ തന്നെ ബ്രസീല്‍ ആക്രമിച്ചു കളിച്ചു. ആദ്യ മിനിറ്റില്‍ തന്നെ ബോക്‌സിലേക്കു വന്ന റഫീന്യയുടെ ക്രോസിനൊപ്പമെത്താന്‍ പക്ഷേ ബ്രസീല്‍ താരങ്ങള്‍ക്കാര്‍ക്കും സാധിച്ചില്ല. തൊട്ടടുത്ത മിനിറ്റുകളില്‍ റോഡ്രിഗോയും വീനീഷ്യസുമെല്ലാം കൊളംബിയന്‍ ബോക്‌സിലേക്ക് പന്തുമായെത്തിയെങ്കിലും ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസ് ഉറച്ചുനിന്നു.തുടക്കത്തിലെ ബ്രസീല്‍ ആക്രമണങ്ങളില്‍ പകച്ചുപോയ കൊളംബിയ വൈകാതെ തന്നെ താളംകണ്ടെത്തി. ഏഴാം മിനിറ്റില്‍ കൊളംബിയയുടെ ആദ്യ ആക്രമണമെത്തി. പന്തുമായി മുന്നേറിയ മച്ചാഡോയില്‍ നിന്ന് ജെയിംസ് റോഡ്രിഗസിലേക്കെ പന്തെത്തി. എന്നാല്‍ താരത്തെ വിനീഷ്യസ് ഫൗള്‍ ചെയ്തു. ഈ ഫൗളിനാണ് വിനീഷ്യസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. പിന്നാലെ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.

12-ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തി. മികച്ചൊരു ഫ്രീകിക്കിലൂടെ റഫീന്യ പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഗോളി വാര്‍ഗാസിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. ഗോള്‍വീണതോടെ കൊളംബിയന്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 19-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് സാഞ്ചസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ താരം ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഡാനിയല്‍ മുനോസിലൂടെ കൊളംബിയ ഒപ്പംപിടിച്ചു. ജോണ്‍ കോര്‍ഡോബ നല്‍കിയ പന്ത് മുനോസ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീല്‍ മുന്നിലെത്താന്‍ ആക്രമണം കടുപ്പിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധം ഉറച്ചുനിന്നു. റഫീന്യയും റോഡ്രിഗോയും മികച്ച മുന്നേറ്റങ്ങള്‍ പലതും നടത്തിയിട്ടും ഫലമുണ്ടായില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പാരഗ്വായെ കീഴടക്കി. ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Related Articles

Back to top button