Thrissur

ഡിസിസി ഓഫിസിലെ കയ്യാങ്കളി; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം, കർശന നടപടി വേണമെന്ന് നേതാക്കൾ

Please complete the required fields.




തൃശ്ശൂർ : തൃശ്ശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. കർശന നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വൈകിട്ട് കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ദില്ലിയിൽ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്‍റെ തോൽവി, തല്ല് എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ നടന്ന സംഭവത്തില്‍ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു.

ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തത് നടന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടിയിൽ പറഞ്ഞ് പരിഹാരം കാണണമായിരുന്നു. മുരളീധരൻ്റെ തോൽവി പരിശോധിക്കേണ്ടതാണെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. എഐസിസി നേതൃത്വത്തിന് പരാതി നൽകുമെന്ന് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ പ്രതികരിച്ചു.

ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിൽ നടപടി വേണമെന്നും പാർട്ടി നേതൃത്വം നടപടി എടുക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും സജീവൻ കുര്യച്ചിറ പറഞ്ഞു. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ പ്രശ്നത്തില്‍ ഇടപെട്ടു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.

Related Articles

Back to top button