
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്‌നേഹവും കരുണയും സത്യവും കൊണ്ടാണെന്ന് പറഞ്ഞുള്ള ഹൃദയഹാരിയായ കുറിപ്പാണ് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. പലരും ദേഷ്യവും വൈരാഗ്യവും നുണപ്രചാരണങ്ങളും രാഹുലിന് നേരെ ചൊരിഞ്ഞപ്പോഴും അത് തിരിച്ചുകാണിക്കാതെ, നുണപ്രചാരണങ്ങളില്‍ വീഴാതെ രാഹുല്‍ മുന്നോട്ടു പോയെന്നും പ്രിയങ്ക കുറിച്ചു.
ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽനിന്ന് അതിഗംഭീര വിജയത്തിലേക്ക് കടന്ന രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം യു.പിയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. 3.90 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെ രാഹുല്‍ തറപറ്റിച്ചത്. ഉത്തർപ്രദേശിലെ തന്നെ വാരണാസിയിൽ നിന്ന് മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ഉത്തർപ്രദേശിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുലിന്റേതായി. വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വരുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിക്കുന്നത്.





