Kozhikode

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ തിരോധാനം; അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി എഡിജിപി

Please complete the required fields.




കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) തലക്കുളത്തൂരിൽ നിന്നു കാണാതായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ഇന്നലെ കോഴിക്കോട്ടെത്തിയ എഡിജിപി എം.ആർ.അജിത്കുമാർ ചർച്ച നടത്തി. വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിലാണ് ഉദ്യോഗസ്ഥരുമായി മാമിയുടെ അന്വേഷണം വിലയിരുത്തിയത്. 2023 ഓഗസ്റ്റ് 21 നാണ് മാമിയെ നഗരത്തിൽ നിന്നു കാണാതായത്. പിന്നീട് 22 ന് തലക്കുളത്തൂരിൽ എത്തിയതായും വിവരം ലഭിച്ചു. പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കൾ പരാതി നൽകിയത്.

തുടർന്നു നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെ വഴി തിരിച്ചുവിടാൻ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്. ഇതിനായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടവർ ഡംപ് പരിശോധനയിലേക്കു പൊലീസ് നീങ്ങിയത്.

അന്വേഷണം മറ്റു സംസ്ഥാനത്തേക്കു കൂടി വ്യാപിപിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം എഡിജിപിയുടെ മേൽ നോട്ടത്തിൽ നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു അന്വേഷണ സംഘത്തിലുള്ള പലരും വിവിധ ജില്ലകളിലേക്കു മാറിയിട്ടുണ്ട്. ഇവരെ എത്രയും വേഗം തിരിച്ചത്തിക്കാനും ശ്രമിക്കുന്നുണ്ട്. മുഹമ്മദ് ആട്ടൂരിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യവസായികളും വ്യാപാരികളും വിവിധ മേഖലയിലെ സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരുടെ വാട്സാപ് കൂട്ടായ്മ മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ കോഴിക്കോട് രൂപീകരിച്ചു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കന്നതിനു അടുത്ത ദിവസം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും കാണുന്നുണ്ട്.

Related Articles

Back to top button