കാറിൽ കടത്തിയ 78 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ; ഒളിപ്പിച്ചത് കോട്ടിലും സീറ്റിനടിയിലും

പൂവാർ : കോവളം-കാരോട് ബൈപ്പാസ് പുറുത്തിവിളയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 78-ഗ്രാം എം.ഡി.എം.എ. പിടികൂടി.
മൂന്നുപേർ പിടിയിലായി. പള്ളിപ്പുറം സ്വദേശി ഷഫീക്ക് (28), കഠിനംകുളം സ്വദേശി ലിജോ (35), ആറ്റിപ്ര സ്വദേശി ലിജിൻ(34) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പി. കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്റി നാർക്കോട്ടിക്ക് സംഘം ഇവരെ പിന്തുടർന്ന് പുറുത്തിവിള ജങ്‌ഷനിൽവെച്ച് പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കാർ. ബൈപ്പാസിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് പോലീസ് കാർ തടഞ്ഞുനിർത്തിയത്. ഇവർ ധരിച്ചിരുന്ന കോട്ടിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ചനിലയിലായിരുന്നു.
കഠിനംകുളം, മംഗലപുരം എന്നീ മേഖലകളിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്താനാണ് എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ ഇവർ പോലീസിനോടു പറഞ്ഞു. ഷഫീക്ക്, ലിജോ എന്നിവർ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. കാപ്പ ചുമത്തി ജയിലിലായിരുന്നു ഇരുവരും. ഈ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പൂവാർ പോലീസ് കേസെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.





