Kozhikode
സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ അണലി; കടിയേൽക്കാതെ കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : സ്കൂട്ടറിന്റെ സീറ്റിനടിയിൽ കയറിപ്പറ്റിയ അണലിയുടെ കടിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുറ്റ്യാടി സ്വദേശി. വലകെട്ട് സ്വദേശിയായ അധ്യാപകൻ കെ.വി. ഹമീദിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിക്കുഞ്ഞ് കയറിപ്പറ്റിയത്.
ഡോക്ടറെ കാണാൻ രാവിലെ ഹമീദ് തീക്കുനിയിൽ എത്തിയിരുന്നു. രണ്ടുമണിക്കൂറോളം സ്കൂട്ടർ അവിടെ നിർത്തിയിട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുന്നതിനുമുമ്പ് സീറ്റ് ഉയർത്തിയപ്പോഴാണ് പെട്രോൾ ടാങ്കിന് സമീപത്തായി പാമ്പ് ചുരുണ്ടു കൂടിക്കിടക്കുന്നത് കണ്ടത്.
പെട്ടെന്ന് കൈവലിച്ചതു കൊണ്ട് കടിയേറ്റില്ല. പാമ്പ് ഇഴഞ്ഞ് സമീപത്തെ ഓടയിലേക്ക് പോവുകയും ചെയ്തു. എവിടെ നിന്നാണ് പാമ്പ് സ്കൂട്ടറിനുള്ളിൽ കയറിപ്പറ്റിയതെന്ന് അറിയില്ലെന്നും വീട്ടിൽനിന്ന് പോരുമ്പോൾ പാമ്പിനെ കണ്ടിരുന്നില്ലെന്നുമാണ് ഹമീദ് പറയുന്നത്.





