
കൊച്ചിയില്‍ ഡോ. എം. ലീലാവതി ടീച്ചറുടെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങളും വീട്ടുസാമഗ്രികളും കിടക്കയും കസേരകളും നശിച്ചു. കനത്ത മഴയത്ത് വെള്ളം കയറുന്ന സാഹചര്യമാണെന്ന് മനസ്സിലായ ഉടന്‍ തന്നെ ടീച്ചറുടെ സഹായി ബിന്ദു ലീലാവതി ടീച്ചറെ പാടുപെട്ട് മുകളിലത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് മകന്‍ വിനയന്‍ വന്ന് ടീച്ചറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കനത്ത മഴ പെയ്യുമ്പോള്‍ ടീച്ചറുടെ വീടിനകത്തേക്ക് വെള്ളം കയറുന്നത് മുമ്പും സംഭവിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങളും പ്രിയപ്പെട്ടവരുടെ നമ്പര്‍ എഴുതിവെച്ച ഡയറിയും ടീച്ചര്‍ ദിനേന എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകവും വെള്ളത്തില്‍ നശിച്ചു. ധാരാളം പുസ്തകങ്ങള്‍ വെള്ളത്തിലായി.
വെളളം ഒഴുക്കിക്കളഞ്ഞാല്‍പ്പോലും വീട് വാസയോഗ്യമാകണമെങ്കില്‍ അടിഞ്ഞുകൂടിയ ചെളിക്കെട്ടുകളും മാലിന്യങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. ടീച്ചര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കറും ഫോണും ഫര്‍ണിച്ചറുകളും അപൂര്‍വും പുസ്തകങ്ങളുമെല്ലാം മഴയെടുത്ത വിഷമത്തോടെയാണ് ടീച്ചര്‍ മകന്റെ വീട്ടിലേക്ക് പോയത്. മകന്‍ വിനയന്‍ തൊട്ടടുത്താണ് താമസമെങ്കിലും ലീലാവതി ടീച്ചര്‍ സ്വന്തം വീട്ടിലാണ് ഇത്രയും കാലം താമസിച്ചുവരുന്നത്. നിറയെ പുസ്തകങ്ങളും എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷനും കൈയെത്താവുന്ന ദൂരത്തുള്ള ഫോണും എഴുത്തിന് വിശ്രമം കൊടുക്കുന്ന വേളയില്‍ മാത്രം കിടക്കാന്‍ തരത്തില്‍ ഒരുക്കിയിട്ടുള്ള ഒറ്റക്കട്ടിലുമെല്ലാം ടീച്ചര്‍ തന്റെ എഴുത്തുകസേരയ്ക്കുചുറ്റുമായി സജ്ജമാക്കിയിട്ടുണ്ട്. വീട്ടിലേക്കുന്ന കടക്കുന്ന മാത്രയില്‍ത്തന്നെ പുസ്തകങ്ങളുടെ വീടായിട്ടാണ് ആര്‍ക്കും അനുഭവപ്പെടുക. തൊണ്ണൂറ്റിയാറം വയസ്സിലും ഊര്‍ജസ്വലതയോടുകൂടി എഴുതുകയും വായിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ടീച്ചര്‍ക്ക് ഏറെ വിഷമമായത് പ്രിയപ്പെട്ട പുസ്തകങ്ങളെ സുരക്ഷിതമാക്കാന്‍ കഴിയാത്തതിലാണ്.





