
ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമണം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം വൈകിട്ടിയിരുന്നു സംഭവം. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു.
ഉടൻ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക് നേരെ പരാക്രമണം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയിൽ ഇറങ്ങിയിരുന്നെങ്കിലും ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.