
താൻ നായകനായെത്തിയ പുതിയ ചിത്രം ‘തലവന്‍’ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് വികാരാധീനനായ ആസിഫ് അലിയെ കാണാനാവുക. വെള്ളിയാഴ്ച റിലീസായ തലവന്റെ പ്രേക്ഷകപ്രതികരണം കണ്ട സന്തോഷത്താല്‍ കണ്ണുനിറഞ്ഞ് കാറില്‍ പോകുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം. അഭിനന്ദനങ്ങള്‍ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് നന്ദി പറഞ്ഞ ശേഷം ഇത്ര മികച്ച പ്രതികരണങ്ങള്‍ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന തലവന് വെള്ളിയാഴ്ച രാത്രി പല സെന്ററുകളിലും പ്രേക്ഷക ആവശ്യപ്രകാരം സ്പെഷ്യല്‍ ഷോകളും ഒരുക്കിയിരുന്നു. ഹിറ്റ് ജോഡികളായ ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ഹിറ്റായി തലവന്‍ മാറുമെന്നാണ് സൂചന.
ഫീല്‍ – ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുതന്നെ വേണം പറയാന്‍. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.





