
കോഴിക്കോട്: 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി അതിഥിതൊഴിലാളി മുങ്ങിയതായി പരാതി. കോഴിക്കോട് പുതിയപാലത്തെ ആഭരണ നിര്‍മാണ ശാലയിലെ തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി റിഹാന്‍ മുല്ലക്കെതിരെയാണ് പരാതി. കസബ പൊലിസ് അന്വേഷണം തുടങ്ങി
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ നല്‍കിയ സ്വര്‍ണവുമായി കടയിലെ അതിഥി തൊഴിലാളിയെ കാണാതായത്. പിന്നീട് അന്വേഷിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഒാഫായിരുന്നു. തിങ്കളാഴ്ചയാണ് പൊലിസില്‍ പരാതി നല്‍കിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
റിഹാന്‍ മുല്ലയെ കടയില്‍ ജോലിക്ക് നിര്‍ത്താന്‍ സഹായിച്ച ആളുകളെകുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രതി കൊല്‍ക്കത്തയിലേക്ക് കടന്നു കളഞ്ഞോ എന്നും പൊലിസ് സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒരു സംഘം ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നിരുന്നു.





