
ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തെത്തി. ആര്‍സിബി ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാകുയായിരുന്നു.
ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന് മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെയ്ക്കാനായത്. 39 പന്തുകള്‍ നേരിട്ട അക്ഷര്‍ മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്തു. 16-ാം ഓവറില്‍ അക്ഷര്‍ മടങ്ങിയതോടെ ഡല്‍ഹിയുടെ ജയപ്രതീക്ഷ അവസാനിച്ചു.188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിക്ക് ആദ്യ ഓവര്‍ മുതല്‍ തന്നെ തിരിച്ചടിയേറ്റു. നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (1) പുറത്ത്. പിന്നാലെ അഭിഷേക് പോറെലും (2) മടങ്ങിയതോടെ തുടക്കം പാളി. വമ്പനടികളുമായി തുടങ്ങിയ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് (21) തൊട്ടടുത്ത പന്തില്‍ റണ്ണൗട്ടായതോടെ ഡല്‍ഹി പതറി. പിന്നാലെ കുമാര്‍ കുശാഗ്രയും (2) പുറത്തായതോടെ 3.3 ഓവറില്‍ നാലിന് 30 റണ്‍സെന്ന നിലയിലായി ഡല്‍ഹി.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അക്ഷര്‍ – ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 10-ാം ഓവറില്‍ ഹോപ്പിനെമടക്കി ലോക്കി ഫെര്‍ഗൂസന്‍ ആ ഹോപ്പും ഇല്ലാതാക്കി. 23 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 29 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും (3) റണ്ണൗട്ടായതോടെ ഡല്‍ഹി കൈവിട്ട നിലയിലായി. അക്ഷര്‍ പട്ടേലിന്റെ ചെറുത്തുനില്‍പ്പില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ 16-ാം ഓവറില്‍ യാഷ് ദയാലിനു മുന്നില്‍ അക്ഷറും വീണതോടെ ഡല്‍ഹിയുടെ പ്രതീക്ഷ അവസാനിച്ചു.





