Kollam

ഡോ. വന്ദനാദാസ് കൊലക്കേസ്: കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് 22-ലേക്ക് മാറ്റി

Please complete the required fields.




കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഈമാസം 22-ലേക്ക് മാറ്റി. കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി അന്ന് പരിഗണിക്കും.

കുറ്റപത്രത്തില്‍ വാദം കേള്‍ക്കാന്‍ ബുധനാഴ്ച സന്ദീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി പി.എന്‍.വിനോദ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞതവണ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നതിനാല്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

സന്ദീപിനെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കുന്നതിന് ഹര്‍ജി ഫയല്‍ ചെയ്യുന്നതായി ബുധനാഴ്ച പ്രതിഭാഗം കോടതിയെ അറിയിച്ചു. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. പിന്നീടാണ് ഈ ഹര്‍ജിയിലുള്ള വാദം കേള്‍ക്കുന്നതിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുംവേണ്ടി കേസ് 22-ലേക്ക് മാറ്റിയത്. അന്ന് പ്രതിയെ കോടതിയിലെത്തിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. സന്ദീപിന് അമ്മയുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് കോടതി സമയം അനുവദിച്ചു. കോടതിവരാന്തയില്‍ ഇവര്‍ സംസാരിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ബി.എ.ആളൂര്‍ ഇടപെടാന്‍ ശ്രമിച്ചത് പോലീസ് ചോദ്യംചെയ്തത് വാഗ്വാദത്തിന് ഇടയാക്കി.ഡോ. വന്ദനാദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹന്‍ദാസും വസന്തകുമാരിയും കോടതിയില്‍ എത്തിയിരുന്നു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Related Articles

Back to top button