Entertainment

കാത്തിരിപ്പിന് വിരാമം, ‘ഓണവിരുന്നു’മായി മോഹന്‍ലാല്‍; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Please complete the required fields.




ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സംവിധായകനായും നായകനായും മോഹന്‍ലാല്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ചിത്രം ബ്രഹ്‌മാണ്ഡ ബജറ്റിലാണ് ഒരുങ്ങുന്നത്. നേരത്തെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന, അതിനൊപ്പം തന്നെ സീനുകളില്‍ അഭിനയിക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.

ഹോളിവുഡ് സ്‌റ്റൈല്‍ ചിത്രീകരണമാണ് ബറോസിന്റേതെന്ന് മേക്കിങ് വിഡീയോ പുറത്തിറക്കിയപ്പോള്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. 3 ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന, ഫാന്റസി ഴോണറിലുള്ള ചിത്രത്തില്‍ നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ എത്തുക. രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലും പോര്‍ചുഗീസ്‌, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് ചിത്രത്തിന്റെ റീ റിക്കോര്‍ഡിങ് വര്‍ക്കുകള്‍ നടന്നത്. ഇന്ത്യയിലും തായ്ലാന്റിലുമാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ എഫക്ട് വര്‍ക്കുകള്‍ നടക്കുന്നത്. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് ആണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സന്തോഷ് രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം. സംഗീതം ലിഡിയന്‍ നാദസ്വരം.

Related Articles

Back to top button