Kozhikode

കണ്ണീര്‍ച്ചാലായി തുഷാരഗിരി വെള്ളച്ചാട്ടം; സഞ്ചാരികളും വരുമാനവും കുറഞ്ഞു

Please complete the required fields.




വേനല്‍ച്ചൂടില്‍ കണ്ണീര്‍ച്ചാലായി കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടം. ഇക്കോ ടൂറിസം സെന്ററിലെത്തിയ സഞ്ചാരികളുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 2000 പേരുടെ കുറവാണുണ്ടായത്. 2022 ഏപ്രില്‍ മാസത്തില്‍, പന്ത്രണ്ടായിരം സഞ്ചാരികള്‍ സന്ദര്‍ശിച്ച തുഷാരഗിരിയില്‍ 2023 ഏപ്രിലില്‍ 17,000 പേരും 2024 ഏപ്രിലില്‍ 15,000 പേരുമാണെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍മാത്രം 2000 സഞ്ചാരികളുടെ കുറവ്.

വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞതും അത്യുഷ്ണവുമാണ് സഞ്ചാരികളുടെ പിന്മാറ്റത്തിന് കാരണം. തുഷാരഗിരിയില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്ന ഈരാറ്റുമുക്ക് വെള്ളച്ചാട്ടവും അതിനുതാഴെത്തെ ചെറുതടാകത്തിലെ കുളിയും നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികളെ ആകര്‍ഷിക്കാതെയായി.

വയനാട്ടിലേക്കുള്ള സഞ്ചാരപാതയോട് ചേര്‍ന്നാണ് തുഷാരഗിരി. വന്യമൃഗഭീതി മൂലം വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞത് തുഷാരഗിരിയെയും ബാധിച്ചു. ട്രക്കിങ് പരിമിതപ്പെടുത്തിയത് സാഹസികപ്രിയരായ സഞ്ചാരികളെ അകറ്റി. കഴിഞ്ഞവര്‍ഷം ചെറിയപെരുന്നാള്‍ അവധിദിനങ്ങളില്‍ ശരാശരി 3000 സന്ദര്‍ശകര്‍ വന്നിരുന്ന തുഷാരഗിരിയില്‍ ഇക്കുറി 1500-ഓളം പേര്‍മാത്രമേ എത്തിയുള്ളൂ. പ്രവേശനഫീസിനത്തില്‍ മാത്രം ഈ സാമ്പത്തികവര്‍ഷം 80 ലക്ഷത്തോളം രൂപ സെന്ററിന് വരുമാനമുണ്ട്.

മലബാറിലെ ഏറ്റവുംകൂടുതല്‍ വരുമാനമുള്ള ഇക്കോ ടൂറിസം സെന്ററുകളിലൊന്നാണ് തുഷാരഗിരി. 2005 മുതല്‍ ഇവിടേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിക്കുന്നത് വനംവകുപ്പാണ്.

നീരൊഴുക്ക് നിലച്ച് കരിയാത്തുംപാറ ; ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിലും സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെത്തിയ മൂന്നിലൊന്നു സഞ്ചാരികള്‍പ്പോലും ഇത്തവണയില്ല.

മലമടക്കുകള്‍ കയറിയിറങ്ങിയെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണം ഉരക്കുഴിനിന്ന് തുടങ്ങി പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തിച്ചേരുന്ന കരിയാത്തുംപാറയിലെ ജലസമൃദ്ധിയായിരുന്നു. പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ജലനിരപ്പ് കൂടുമ്പോഴും ജലലഭ്യതയുണ്ടായിരുന്നു. എന്നാല്‍, വേനല്‍ കനത്തതോടെ പുഴ നീര്‍ച്ചാലായി മാറി. മലമുകളില്‍നിന്ന് പതഞ്ഞൊഴുകി വെള്ളമെത്തുന്ന കാഴ്ച ഇല്ലാതായാതോടെ കരിയാത്തുംപാറയുടെ മനോഹാരിത മങ്ങി, സഞ്ചാരികളുടെ വരവ് കുറഞ്ഞു.

കരിയാത്തുംപാറ പുഴയിലെ ജലമൊഴുക്ക് കുറഞ്ഞതോടെ പ്രദേശത്തെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങിയത് നാട്ടുകാര്‍ക്കും പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.

Related Articles

Back to top button