അമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പക, കാര്‍ കത്തിച്ചിട്ടും അരിശം തീര്‍ന്നില്ല; വെട്ടിക്കൊന്നു

കോഴിക്കോട്: നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി പി.കെ.പി. റോഡിലെ ‘സോദരി നിവാസി’ല്‍ എന്‍.പി. ധനീഷാണ് (33) പിടിയിലായത്. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തിനെ (47) ഞായറാഴ്ച പുലര്‍ച്ചെ വെട്ടിക്കൊന്ന കേസിലാണ് ധനീഷ് പിടിയിലായത്. 28-ന് പുലര്‍ച്ചെ 5.45-ന് പണിക്കര്‍ റോഡിന് സമീപം കണ്ണന്‍കടവ് വെച്ചാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30-നാണ് ഇയാള്‍ പിടിയിലാവുന്നത്. ശ്രീകാന്തിന്റെ ബന്ധുകൂടിയായ ധനീഷ് വെല്‍ഡിങ് തൊഴിലാളിയാണ്.
ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയോടെ പെരുമാറിയതിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. 36 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത് അന്വേഷണസംഘത്തിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു. 26-ന് പുലര്‍ച്ചെ 12.30-ഓടെ കേരളാസോപ്സിന്റെ പുറകുവശത്തെ ഗേറ്റിനു സമീപം പാര്‍ക്ക് ചെയ്ത ശ്രീകാന്തിന്റെ വെള്ള സാന്‍ട്രോ കാര്‍ പെട്രോളൊഴിച്ച് കത്തിച്ചതും ധനീഷാണെന്ന് പോലീസ് പറഞ്ഞു. ഇതേ കേസില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ശ്രീകാന്ത് കൊല്ലപ്പെട്ടത്.
കാര്‍ കത്തിച്ചിട്ടും പകതീരാത്ത ധനീഷ് ഹാര്‍ബറില്‍വെച്ച് രാത്രി മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും സുഹൃത്ത് ജിതിനെയും കണ്ടു. പിന്നീട് മൂന്നുമണിയോടെ വീട്ടില്‍പ്പോയ ധനേഷ് ശ്രീകാന്തിനെ വകവരുത്താന്‍ തയ്യാറായി തിരികെ ഹാര്‍ബറിലേക്ക് എത്തി. എന്നാല്‍, ശ്രീകാന്തിന്റെ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ അവസരത്തിനായി കാത്തുനിന്നു. അഞ്ചരയോടെ ഓട്ടോറിക്ഷയില്‍ ശ്രീകാന്ത് പുറത്തേക്ക് പോകുന്നതുകണ്ട് പിന്നാലെ പോയി. ശ്രീകാന്ത് ഓട്ടോറിക്ഷ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ റോഡിന്റെ എതിര്‍വശത്ത് പാതയോരത്ത് തെറിച്ചുവീണ ശ്രീകാന്തിന്റെ മരണം ഉറപ്പുവരുത്തിയതിനുശേഷം സമീപത്തുള്ള ഇടവഴിയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷ്, വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.എസ്.എസ്.ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാര്‍, എം. ഷാലു, സുജിത്ത്, എസ്.ഐ. ബി.എസ്. ഭാവിഷ്, എ.എസ്.ഐ. ദീപു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ദീപു, സൈബര്‍ സെല്ലിലെ രൂപേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്





