India

ജയ്‌സ്വാള്‍ അശ്വമേധം, തീപ്പന്ത് സന്ദീപ്; മുംബൈക്കുമേല്‍ റോയല്‍ ജയവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍

Please complete the required fields.




ജയ്പുര്‍: പന്തുകൊണ്ട് സന്ദീപ് ശര്‍മയും സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളും കളം വാണ സുന്ദരമായ കളി. രാജസ്ഥാനുവേണ്ടി ഈ ദ്വയങ്ങള്‍ റോയലായപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തകര്‍ച്ചയോടെ ആരംഭിച്ച മുംബൈയെ മധ്യ ഓവറുകളില്‍ കൈപ്പിടിച്ചെഴുന്നേല്‍പ്പിച്ച തിലക് വര്‍മയ്‌ക്കോ നേഹല്‍ വധേരയ്‌ക്കോ തോല്‍വിയില്‍നിന്ന് അവരെ രക്ഷിക്കാനാവുമായിരുന്നില്ല. സ്‌കോര്‍- മുംബൈ: 179/9 (20 ഓവര്‍). രാജസ്ഥാന്‍: 183/1 (18.4 ഓവര്‍). രാജസ്ഥാന് ഒന്‍പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം.

നാലോവറില്‍ വെറും 18 റണ്‍സ് വിട്ടുനല്‍കി മുംബൈയുടെ അഞ്ച് താരങ്ങളെ തിരിച്ചയച്ച സന്ദീപ് ശര്‍മയുടെ മാസ് പ്രകടനമായിരുന്നു കളിയുടെ ആദ്യ പകുതിയില്‍ കണ്ടത്. രണ്ടാംപകുതിയില്‍ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിത്തികവാര്‍ന്ന മിന്നലാട്ടംകൂടിയായതോടെ മത്സരത്തിന്റെ അന്തിമ ഫലം രാജസ്ഥാനനുകൂലമായി. സീസണില്‍ ആദ്യമായി മികച്ച പ്രകടനം പുറത്തെടുത്ത ജയ്‌സ്വാള്‍ 60 പന്തില്‍നിന്ന് 104 റണ്‍സാണ് നേടിയത്. ഏഴ് സിക്‌സും ഒന്‍പത് ഫോറും ചേര്‍ന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. മറുപുറത്ത് രണ്ടുവീതം സിക്‌സും ഫോറും ചേര്‍ത്ത് 28 പന്തില്‍ 38 റണ്‍സ് നേടിയ സഞ്ജു സാംസണുമുണ്ടായിരുന്നു.

സെഞ്ചുറി നേടിയ ശേഷം ബാറ്റും തലയും മേലോട്ടുയര്‍ത്തിയുള്ള ജയ്‌സ്വാളിന്റെ നെടുവീര്‍പ്പിടലും ഹെല്‍മെറ്റില്‍ നല്‍കിയ ചുംബനവും ആനന്ദച്ചിരിയും രാജസ്ഥാന്‍ ആരാധകരെ മാത്രമല്ല, ഇന്ത്യക്കാരെ മുഴുവന്‍ ആനന്ദപ്പെടുത്തിയിരിക്കണം. സീസണിലുടനീളം വലിയ ഫോമില്ലാതെ ഉഴറിയിരുന്ന തകര്‍പ്പന്‍ ബാറ്റര്‍ക്ക് ഇതെന്തു പറ്റി എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. ആ ശങ്ക മറികടന്നതിനൊപ്പം, ടീമിന്റെ വിജയത്തില്‍ ഭാഗവാക്കാന്‍ കഴിഞ്ഞതിലും ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള സാധ്യത സജീവമാക്കാനും കഴിഞ്ഞതിന്റെ നിര്‍വൃതിയിലായിരുന്നു ജയ്‌സ്വാള്‍.

ജോഷ് ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ മറുപടിയാണ് നല്‍കിയത്. ഹാര്‍ദിക് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ട് ഫോറുമായി ബട്‌ലര്‍ കളം നിറഞ്ഞു. പിന്നീടുവന്ന ജസ്പ്രീത് ബുംറയെ കാര്യമായി ഒന്നും ചെയ്തില്ല. നാലാം ഓവറില്‍ കുട്‌സിയെ ഒരു സിക്‌സും രണ്ട് ഫോറും പറപ്പിച്ച് തുടങ്ങിയതാണ് ജയ്‌സ്വാളിന്റെ മൂര്‍ച്ചയുള്ള ആക്രമണം. ബുംറ വീണ്ടുമെത്തി സ്വതസിദ്ധമായ ബൗളിങ് കാഴ്ചവെച്ചു.

തുഷാരയെറിഞ്ഞ ആറാം ഓവറില്‍ നേടിയത് 17 റണ്‍സ്. ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് രണ്ടുവീതം ഫോറുകള്‍. ഇതോടെ പവര്‍ പ്ലേ സ്‌കോര്‍ 61 (0) ആയി. പിന്നീട് രാജസ്ഥാനെ ആശങ്കയിലാഴ്ത്തി മഴയെത്തി. 40 മിനിറ്റിനുശേഷം വീണ്ടും തുടങ്ങി. പിയൂഷ് ചൗളയെറിഞ്ഞ എട്ടാം ഓവറില്‍ മികച്ച ഒരു ഗൂഗ്‌ളിയിലൂടെ ബട്‌ലര്‍ പുറത്തായി (25 പന്തില്‍ 35). തുടര്‍ന്നു ചേര്‍ന്ന ജയ്‌സ്വാള്‍ – സഞ്ജു സഖ്യം ജയിക്കുംവരെ ക്രീസില്‍ തുടരുകയായിരുന്നു.

Related Articles

Back to top button