Kozhikode

ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: വ്യാപാരിയെ കടയിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

Please complete the required fields.




താമരശ്ശേരി : കുടുക്കിലുമ്മാരത്ത് മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്തെ കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ലഹരിവിപണനസംഘത്തിൽപ്പെട്ടവർ പ്രദേശത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമിസംഘത്തെക്കണ്ട് ഗൃഹനാഥർ അകത്തുകയറി വാതിലടച്ചതിനാലാണ് വെട്ടേൽക്കാതെ രക്ഷപ്പെട്ടത്. കൊടുവാൾകൊണ്ട് വാതിലും ജനലും വെട്ടിപ്പൊളിച്ചശേഷമാണ് അക്രമികൾ പിൻവാങ്ങിയത്. കുടുക്കിലുമ്മാരത്ത് ചായക്കട നടത്തുന്ന കൂടത്തായി പുവ്വോട്ടിൽ നവാസിനെയാണ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ നവാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ കുടുക്കിലുമാരം മുസ്‌ലിംലീഗ് വാർഡ് സെക്രട്ടറിയാണ്. താമരശ്ശേരി കുടുക്കിലുമ്മാരം തെക്കേകുടുക്കിൽ മാജിദിന്റെ വീട്ടിലും കയ്യേലിക്കുന്നുമ്മൽ ജലീലിന്റെ വീട്ടിലുമാണ് അക്രമം നടത്തിയത്. ഇവർ ലഹരിവിരുദ്ധസമിതി പ്രവർത്തകരാണ്. കത്തി സഹിതം ഇരുചക്രവാഹനവും രണ്ടുജീപ്പുകളും പ്രദേശത്തുനിന്ന്‌ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്. അമ്പലമുക്ക് കൂരിമുണ്ടയിൽ കഴിഞ്ഞ സെപ്റ്റംബർ നാലിന് പ്രദേശവാസിയുടെ വീടാക്രമിച്ചും പോലീസിനുനേരേ കല്ലെറിഞ്ഞും യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘത്തിൽപ്പെട്ടവരാണ് അക്രമം നടത്തിയത്.

സംഭവത്തിൽ ഉൾപ്പെട്ട താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബ്, ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശി ഫിറോസ് ഖാൻ, കുടുക്കിലുമ്മാരം സ്വദേശി കണ്ണൻ, ഫൈസൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി ഏറെ വൈകിയും പ്രദേശത്ത് വൻപോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. അയ്യൂബിന്റെ സഹോദരപുത്രിയുടെ വിവാഹവീട്ടിൽവെച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. കൂരിമുണ്ടയിലെ സംഘർഷത്തിനിടെ അന്ന് ലഹരിസംഘത്തിന്റെ വെട്ടേറ്റ ഇർഷാദിനെ വിവാഹവീട്ടിൽവെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ലഹരിസംഘം കണ്ടുമുട്ടിയത് വാക്കേറ്റത്തിനിടയാക്കി. വിവാഹവീട്ടിൽ അക്രമിസംഘത്തിന്റെ സാന്നിധ്യം ചോദ്യംചെയ്ത് നാട്ടുകാരിൽ ചിലരും രംഗത്തെത്തി.സംഘർഷമുണ്ടാവുന്നത് തടയാൻ ശ്രമിച്ചവരെ അയ്യൂബിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button