നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെര്‍ലാക് അടക്കമുള്ളവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, യു.കെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിസ് അന്വേഷണ ഏജന്‍സിയാണ് പബ്ലിക് ഐ.
ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നെസ്‌ലെ ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും ഇത് തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നെസ്‌ലെയുടേതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022-ല്‍ ഇന്ത്യയില്‍ 20,000 കോടി രൂപയുടേതാണ് നെസ്‌ലെയുടെ സെര്‍ലാക് ഉത്പന്നങ്ങളുടെ വിൽപന. കുഞ്ഞിന് ഒരുതവണ നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. ദക്ഷിണാഫ്രിക്കയില്‍ സെര്‍ലാക് ഉത്പന്നത്തില്‍ നാല് ഗ്രാമും അതിലധികവും പഞ്ചസാരയാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ട്. അതേസമയം, ഫിലിപ്പീന്‍സില്‍ വില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള നെസ്‌ലയുടെ ഉത്പന്നങ്ങളില്‍ പഞ്ചസാര കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇഡോനീഷ്യയില്‍ നെസ്‌ലെയുടെതന്നെ നിഡോയുടെ തേന്‍ രൂപത്തിലുള്ള ബേബി ഫുഡില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം പഞ്ചസാരയുണ്ടെന്നാണ് കണ്ടെത്തല്‍.
ഇന്ത്യയില്‍, സെര്‍ലാകിന്റെ 15-ഓളം വരുന്ന ബേബി ഉത്പന്നങ്ങളിലും ശരാശരി മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഉത്പന്നം ജര്‍മനിയിലും യുകെയിലും പഞ്ചസാര ചേര്‍ക്കാതെയാണ് നെസ്‌ലെ വില്‍ക്കുന്നത്. എതോപ്യയിലും തായ്ലന്‍ഡിലും ഇത്തരത്തിലുള്ള ഉത്പന്നങ്ങളില്‍ ഏകദേശം ആറ് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു.
നെസ്‌ലയുടെ ബേബി ഫുഡ് ഉത്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നതിന്റെ അളവ് പായ്ക്കറ്റില്‍ വെളിപ്പെടുത്തുന്നില്ല. ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നത് അതിനോടുള്ള ആസക്തി ഉണ്ടാക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.





