Wayanad

വന്യമൃഗശല്യം പരിഹരിക്കണം, വയനാട്ടില്‍എംപിയുടെ സ്ഥിരം പ്രതിനിധിവേണം; സ്ഥാനാര്‍ഥികളോട് മാനന്തവാടി രൂപത

Please complete the required fields.




മാനന്തവാടി: തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍നിര്‍ദേശിച്ച് മാനന്തവാടി അതിരൂപത. വന്യജീവി സംഘര്‍ഷവും, ആരോഗ്യമേഖയിലെ പ്രശ്‌നങ്ങളും പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തതയുമടക്കം ചൂണ്ടികാണിക്കുന്നതാണ് സര്‍ക്കുലര്‍. നിയോജക മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കാന്‍ എംപിയുടെ പ്രതിനിധിയെ നിയോഗിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും തുല്യതയും സഹിഷ്ണുതയും ഉറപ്പു വരുത്തണമെന്നും വയനാട് മണ്ഡലത്തിന്റെ ആവശ്യങ്ങളും ആശങ്കകളും പ്രത്യേകം അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രകടനപത്രിക പ്രസിദ്ധീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടിട്ടുണ്ട്.

വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ഒരു ഏകീകൃത നിയമമുണ്ടാക്കി കാലക്രമേണ ഭേദഗതികള്‍ വരുത്തണം. വനത്തിനുള്ളില്‍ 500 മീറ്റര്‍ ചുറ്റളവില്‍ വേലി കെട്ടിയും വനാതിര്‍ത്തികളില്‍ കല്‍ഭിത്തികള്‍ സ്ഥാപിച്ചും വനപ്രദേശങ്ങളില്‍ നിന്ന് ജനവാസമുള്ള ഭൂമി വേര്‍തിരിച്ച് ജനവാസ മേഖല മൃഗേതര മേഖലയായി പ്രഖ്യാപിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് അതിവേ?ഗം നീതി ലഭ്യമാക്കണം. വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന നിയമമുണ്ടാവേണ്ടതും ആവശ്യമാണ്. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരവും രൂപത ചൂണ്ടികാട്ടിയിട്ടുണ്ട്.

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കണമെന്നും നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഇടപ്പെടല്‍ നടത്തണമെന്നും രൂപത ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ സാധ്യത ഒരു ബോര്‍ഡില്‍ മാത്രം ഒതുങ്ങുകയാണ്. മറ്റ് ജില്ലകളിലേക്കുള്ള ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ക്ക് സര്‍ക്കാരുകളും രാഷ്ട്രീയ സഖ്യങ്ങളും വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ദേശീയപാതയുടെ ഭാഗമായിട്ടും വയനാടിനെ അവഗണിച്ചു. വയനാട് ചുരം വീതികൂട്ടുന്നതിലും വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും രൂപത ചൂണ്ടികാട്ടി.

പരിഹരിക്കപ്പെടാത്ത രാത്രിയാത്രാ നിരോധനം മാറിമാറി വരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ വഞ്ചനയുടെ തെളിവാണെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ പിടിച്ചെടുത്ത നൂറുകണക്കിന് ഏക്കര്‍ ഭൂമി മിച്ചഭൂമിയായി വനംവകുപ്പിന്റെ കൈവശമുണ്ട്, എന്നിട്ടും പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഭൂരഹിതരും ഭവനരഹിതരുമാണെന്നും ഇതിന് പരിഹാരമുണ്ടാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ന്യായമായ കാര്‍ഷിക സമ്പ്രദായങ്ങള്‍ ഉറപ്പാക്കണെമെന്നും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി കൊണ്ടുവരണമെന്നും രൂപത ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button