India

അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി

Please complete the required fields.




കോയമ്പത്തൂര്‍: അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂര്‍ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരന്‍ കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ട്.

മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛന്‍. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മത്സ്യവില്‍പ്പന കേന്ദ്രത്തില്‍നിന്ന് കത്തിയും കൈയിലെടുത്താണ് 16-കാരന്‍ അച്ഛനും കാമുകിയും താമസിക്കുന്ന വീട്ടിലെത്തിയത്. സംഭവസമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് പ്രതി യുവതിയെ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 16-കാരന്‍ നാട്ടില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് കനകയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കനകയുടെ മൃതദേഹം. ഉടന്‍തന്നെ സമീപവാസികളെയും അന്നൂര്‍ പോലീസിനെയും വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മത്സ്യവില്‍പ്പനക്കാരന്റെ മൂത്തമകനെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് അവിനാശിയിലെ മുത്തശ്ശിയുടെ വീട്ടില്‍നിന്ന് 16-കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ലക്ഷ്മി മില്‍സ് ജങ്ഷനിലെ ജുവനൈല്‍ഹോമിലേക്ക് മാറ്റി.

Related Articles

Back to top button