
മലപ്പുറം: എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നല്കി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാള്‍ കോലളമ്പ് സ്വദേശിയായ പണ്ടാരത്തില്‍ റഹ്മത്തിന്റെ ഫര്‍ഹല്‍ അസീസ് (23)നെയാണ് വീട്ടില്‍ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നല്കി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയത്. പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി.
വിദേശത്ത് നിന്ന് ലീവിന് വന്ന ഫര്‍ഹല്‍ അസീസിനെ ഡിസംബര്‍ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേര് ചേര്‍ന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്. രാത്രി കോലളമ്പിലെ വയലില്‍ വെച്ച് നേരം പുലരുവോളം മര്‍ദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടില്‍ അടച്ചിട്ട മുറിയിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഘത്തില്‍ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹല്‍ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്.





