
തിരുവനന്തപുരം: സെക്രട്ടേറിയെറ്റിന് മുന്നിൽ 63 ദിവസം തുടർച്ചയായി സമരം നടത്തിയ സിപിഒ റാങ്ക് ഹോൾഡർമാർ സമരം അവസാനിപ്പിച്ച് മടങ്ങി. പ്രതീക്ഷയുടെ നറുങ്ങുവെട്ടവുമായി എത്തിയ ഉദ്യോഗാർഥികളെല്ലാം നിരാശയുടെ പടുകുഴിയിൽ നിന്നാണ് മടങ്ങുന്നത്. പുല്ലുതിന്നു, തലമുണ്ഡനം ചെയ്തു, മണ്ണുതിന്നു, ശയന പ്രദക്ഷിണം ചെയ്തു, മുട്ടിലിഴഞ്ഞു, ശവമഞ്ചത്തിൽ കിടന്നു അങ്ങനെ വിവിധ സമര മുറകൾ അനുഷ്ടിച്ചിട്ടും സർക്കാർ തിരിഞ്ഞുപോലും നോക്കാതെ പോയ നിരവധി സമരങ്ങളിലൊന്നായി സിപിഒ റാങ്ക് ഹോൾഡർമാരുടെ സമരവും മാറി.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ റാങ്ക് പട്ടിക അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കോടതി ഇടപെടൽ വന്നതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് സിവിൽ പോലീസ് ഒഴിവുകളിലേക്ക് തുടർ നിയമനങ്ങൾ നടത്താൻ ഇനിയും സർക്കാരിന് സാധിക്കുമെന്നാണ് സമരം ചെയ്യുന്നവർ പറയുന്നത്. അനുഭാവപൂർണമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെയാണ് സമരം ചെയ്ത ഉദ്യോഗാർഥികൾ മടങ്ങുന്നത്.
ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്നും കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം തുടർ നിയമനം ഉണ്ടാകുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. സമരത്തിനോട് സർക്കാരും ഇടതുപക്ഷ സംഘടനകളും മോശം നിലപാട് സ്വീകരിച്ചെന്നും ഇവർ ആരോപിച്ചു. സമരങ്ങളിലൂടെ വളർന്ന രാഷ്ട്രീയ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എന്നാൽ തങ്ങളുടെ ആവശ്യം സർക്കാരിന് അനാവശ്യമായി മാറിയെന്നും സമരക്കാർ പറഞ്ഞു.





