
കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 10,670 രൂപയായാണ് സ്വർണവില ഗ്രാമിന് ഇന്ന് വർധിച്ചത്. പവന്റെ വില 680 രൂപ ഉയർന്നു. 85,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. തിങ്കളാഴ്ച ആഗോള വിപണിയിലും സ്വർണം സർവകാല റെക്കോഡിലാണ് വ്യാപാരം നടത്തുന്നത്.
സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഉയർന്ന് 3,789.39 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നു. 0.3 ശതമാനം ഉയർന്ന് 3,818.30 ഡോളറാണ് സ്വർണത്തിന്റെ ഭാവി വിലകൾ. ഈ വർഷം ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത തന്നെയാണ് വില വർധനക്കിടയാക്കുന്ന പ്രധാനഘടകം. വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.





