Kozhikode

ഷാഫിയെ സ്വീകരിക്കാന്‍ ലീഗിന്റെ കൊടിപിടിച്ചപ്പോള്‍ പാകിസ്താനെന്ന പ്രചാരണം നടത്തിയത് CPM- മുനീര്‍

Please complete the required fields.




കോഴിക്കോട്: കേരളത്തിൽ കോൺഗ്രസിനെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീ​ഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീർ. മുഖ്യമന്ത്രിയെ പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നും ലീഗും കോൺഗ്രസും ഒരുമിച്ച് നിൽക്കുന്നത് ദഹിക്കാതായിട്ട് കുറച്ച് കാലമായെന്നും മുനീർ പറഞ്ഞു.

ഷാഫി പറമ്പിലിനെ ലീഗ് കൊടികളോടെ സ്വീകരിച്ചപ്പോൾ വടകര പാകിസ്താനിലാണോ എന്ന് പ്രചാരണം നടത്തിയത് സിപിഎമ്മാണ്. കൊടി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നതാണോ തിരഞ്ഞെടുപ്പിലെ വിഷയം. പതാക ഉപയോഗിക്കണമോയെന്ന് യുഡിഎഫും ലീഗും തീരുമാനിക്കും. സിപിഎമ്മിന്റെ സേവ വേണ്ടെന്നും ചോരനക്കിക്കുടിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മോദിയിൽ നിന്ന് രാഹുലിലേക്ക് സിപിഎം ടാർഗറ്റ് മാറ്റിയിരിക്കുന്നു. മോദി വീണ്ടും അധികാരത്തിൽ വരുന്നത് പിണറായിക്ക്‌ പ്രശ്നമല്ല. എങ്ങനെയെങ്കിലും രാഹുൽ ഗാന്ധിയെ തോൽപ്പിക്കണമെന്നാണ് പിണറായിയുടെ ലക്ഷ്യം. കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കം രാജ്യത്തെ മറ്റു വിഷയങ്ങൾ മുഖ്യമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അധികാരത്തിൽ വന്നാൽ സിഎഎ നടപ്പാക്കില്ലെന്ന് 2019ൽ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണ്. എല്ലാ ദിവസവും പുരപ്പുറത്ത് കയറി നിന്ന് പറയണോയെന്നും മുനീർ പരിഹസിച്ചു.

സംഘപരിവാറിന് മുമ്പിൽ സ്വയം മറന്ന് നിൽക്കുന്ന കോൺഗ്രസിനേയും സ്വന്തം പതാക ഒളിപ്പിച്ചുവെക്കുന്ന ഭീരുത്വവും അല്ല നാടിന്റെ പ്രതിനിധിയായി ലോക്സഭയിലേക്ക് പോകുന്നവർക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെ പതാകയും കോൺഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവർത്തകർ രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തതെന്നാണ് വാർത്ത. ഇത് ഒരു തരം ഭീരുത്വമല്ലേ? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്ക് പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ടാണ് താണുപോയത്’ – പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിനാണ് എം.കെ മുനീര്‍ മറുപടി നല്‍കിയത്.

Related Articles

Back to top button