Kozhikode

കൂളിമാട് പാലം: പുതിയ ബീമുകളുടെ പ്രവൃത്തി പൂർത്തിയായി

Please complete the required fields.




കോഴിക്കോട് : നിർമാണത്തിനിടെ തകർന്നുവീണ കുളിമാട് പാലത്തിന്റെ മൂന്നുബീമുകൾക്ക് പകരം നിർമിച്ചവയുടെ പ്രവൃത്തി പൂർത്തിയായി.

കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ഭാഗത്ത് കരയോടുചേർന്നു നിർമിക്കുന്ന ബീമുകളായിരുന്നു തകർന്നത്.

ഇതിനുപകരം നിർമിച്ച ബീമുകളുടെ പ്രവൃത്തിയാണ് പൂർത്തിയായത്. ഈ ബീമുകൾ വരെയെത്തുന്ന സ്പാനിന്റെ കോൺക്രീറ്റ് വെള്ളിയാഴ്ച നടക്കും. ഇതിനുശേഷം പുതിയ ബീമുകൾക്ക് മുകളിലെ സ്പാനിന്റെ കോൺക്രീറ്റ് കൂടി കഴിഞ്ഞാൽ പാലം മറുകര തൊടും. പിന്നീട് നടപ്പാത, കൈവരി, വൈദ്യുത ത്തൂണുകൾ, ടാറിങ്, സമീപന റോഡിന്റെ പ്രവൃത്തി എന്നിവ പൂർത്തിയാക്കണം. പാലം തകർന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് നടപടി സ്വീകരിച്ചത്.

കിഫ്‌ബിയുടെ 25 കോടി രൂപയാണ് പാലത്തിന് വകയിരുത്തിയത്. പാലത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടുകൂടി കോഴിക്കോട് വിമാനത്താവളത്തിലേക്ക് വയനാട്, മുക്കം, കൊടുവള്ളി ഭാഗത്തുള്ളവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനാവും.

Related Articles

Leave a Reply

Back to top button