Kerala

ഭാര്യയെയും മക്കളെയും കൊല്ലാന്‍ ഗുണ്ടുകളും പെട്രോളും കത്തിയുമായി വീട്ടിലെത്തി; 40-കാരന്‍ പിടിയില്‍

Please complete the required fields.




അമ്പലപ്പുഴ: ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തുന്നതിനായി ഗുണ്ടുകളും പെട്രോളും കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തി അതിക്രമം നടത്തിയയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴടക്കി. മാന്നാര്‍ എരമത്തൂര്‍ കണ്ണംപള്ളി പ്രമോദി(40)നെയാണ് കീഴടക്കിയത്. ഇയാളെ അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. വധശ്രമത്തിനു കേസെടുത്തു.

ഞായറാഴ്ച രാത്രി പത്തുമണിയോടെ തോട്ടപ്പള്ളിയിലുള്ള ഇയാളുടെ ഭാര്യ രാധുവിന്റെ വീട്ടിലായിരുന്നു സംഭവം. ഭാര്യയും പത്തും ഒന്‍പതും വയസ്സുള്ള ആണ്‍മക്കളും ഇവിടെയുണ്ടായിരുന്നു. രാധുവിനെ വിളിച്ച് കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും അവര്‍ ഭയന്ന് പുറത്തിറങ്ങിയില്ല.

പിന്നീടിയാള്‍ സ്‌കൂട്ടറോടിച്ച് വീടിന്റെ മുറ്റത്തെത്തി ഭാര്യാപിതാവ് മോഹന്‍ദാസുമായി വഴക്കുണ്ടാക്കി. ഇതുകണ്ട പരിസരവാസികളാണ് പോലീസിനെ അറിയിച്ചത്. അമ്പലപ്പുഴ പോലീസെത്തി സാഹസികമായാണ് ഇയാളെ കീഴടക്കിയത്. തോള്‍സഞ്ചിയില്‍നിന്ന് ആറു ഗുണ്ടുകളും കുപ്പികളിലാക്കിയ മൂന്നുലിറ്റര്‍ പെട്രോളും കത്തിയും റോപ്പും ലഭിച്ചു.

കുടുംബവഴക്കാണ് പിന്നിലെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതു പതിവാണ്. ശല്യം സഹിക്കാതെയാണ് കഴിഞ്ഞ ജനുവരിയില്‍ മാന്നാറിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മക്കളെയും കൂട്ടി രാധു സ്വന്തം വീട്ടിലേക്കു മാറിയത്. മാന്നാര്‍ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Related Articles

Back to top button