Malappuram

ട്രേഡിങ് തട്ടിപ്പിന് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റു; മൂന്ന് യുവാക്കള്‍ പിടിയില്‍

Please complete the required fields.




പെരിന്തല്‍മണ്ണ: സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു.

പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടന്‍ അബ്ദുള്‍ഷമീര്‍ (33), പോരൂര്‍ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കല്‍ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കല്‍വീട്ടില്‍ റിബിന്‍ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന് അങ്ങാടിപ്പുറം സ്വദേശിനിയാണ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പുകാര്‍ക്ക് യുവാക്കള്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. യുവാക്കളുടെ പേരില്‍ എടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിംകാര്‍ഡ്, എ.ടി.എം. കാര്‍ഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. അയ്യായിരം മുതല്‍ പതിനായിരം വരെയായിരുന്നു യുവാക്കള്‍ക്ക് ഇതിനുകിട്ടിയ പ്രതിഫലമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിലെ മുഖ്യപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ് അറിയിച്ചു. എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചന്‍, ബാബു, സി.പി.ഒ.മാരായ സല്‍മാന്‍, ഫസീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related Articles

Back to top button