India

ജയിലില്‍നിന്ന് പഠിച്ചത് പ്രിന്റിങ്, പുറത്തിറങ്ങിയപ്പോള്‍ ചെയ്തത് കള്ളനോട്ടടി; യുവാവ് പിടിയില്‍

Please complete the required fields.




വിദിശ: ജയിലില്‍നിന്ന് പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയപ്പോള്‍ ചെയ്തത് കള്ളനോട്ടടി. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് 200 രൂപയുടെ 95 കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. നോട്ടടിക്കാനുള്ള കളര്‍ പ്രിന്റര്‍, ആറ് മഷിക്കുപ്പികള്‍, വിവിധതരം കടലാസുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകം ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭൂപേന്ദ്രസിങ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ജയിലില്‍ തടവുകാര്‍ക്കുള്ള വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാള്‍ പ്രിന്റിങ്ങില്‍ പരിശീലനം നേടിയിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ജോലി ലഭിക്കാന്‍ സഹായമാകുമെന്ന് കരുതിയാണ് തടവുകാര്‍ക്ക് ഇത്തരം പരിശീലനം നല്‍കുന്നത്. എന്നാല്‍, ജയിലില്‍നിന്ന് കിട്ടിയ ‘അറിവ്’ കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്.
ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പോലീസിന് നല്‍കിയ മൊഴി. വിദിശ ജില്ലയിലാണ് ഇവ വിതരണംചെയ്തിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജയില്‍നിന്നിറങ്ങിയാല്‍ സാധാരണജീവിതം നയിക്കാനായി തടവുകാരെ സഹായിക്കാനാണ് വിവിധമേഖലകളില്‍ പരിശീലനം നല്‍കുന്നതെന്ന് വിദിശ ജയില്‍ സൂപ്രണ്ട് പ്രിയദര്‍ശന്‍ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ഓഫ്‌സെറ്റ് പ്രിന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ് എന്നിവയിലാണ് ജയിലില്‍ പരിശീലനം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button