Thiruvananthapuram

കഞ്ചാവുവിൽപ്പന സംഘം എക്‌സൈസുകാരെ ആക്രമിച്ചു; ഉദ്യോഗസ്ഥന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം :കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനുനേരേ ആക്രമണം. ഉദ്യോഗസ്ഥരിൽ ഒരാളെ സംഘത്തിലൊരാൾ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളിൽ കുത്തി സ്വയം മുറിവേൽപ്പിക്കാനും ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസറും കരമന സ്വദേശിയുമായ അൽത്താഫ് മുഹമ്മദിനെ ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അൽത്താഫിന്റെ ഇടതുകൈയിലാണ് കുത്തേറ്റത്. ആഴത്തിലേറ്റ മുറിവിന് ആറ് തുന്നലിടേണ്ടിവന്നു. സംഭവത്തെത്തുടർന്ന് എക്‌സൈസ് സംഘം തിരുവല്ലം പോലീസിൽ വിവരം നൽകിയതിനെത്തുടർന്ന് എസ്.ഐ.യും സംഘവുമെത്തി രണ്ടുപേരെയും അറസ്റ്റുചെയ്തു. തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി ടി.സി. 65/1163- ൽ വെട്ടുവിളമേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ(30), ഇയാളുടെ കൂട്ടാളിയായ മുട്ടളക്കുഴി ലക്ഷം വീട് പുത്തൻവീട്ടിൽ ശംഭു (33) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക്‌ മൂന്നോടെയാണ് സംഭവം. പുഞ്ചക്കരി മുട്ടളക്കുഴി ഭാഗത്ത് വ്യാപകമായ കഞ്ചാവുവിൽപ്പന നടക്കുന്നു എന്ന് നാട്ടുകാരിലാരോ എക്‌സൈസ് സംഘത്തിന് വിവരം നൽകിയിരുന്നു. തുടർന്ന് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അൽത്താഫ്, ബിനു, മണികണ്ഠൻ, ജിനുരാജ് എന്നിവരെത്തിയത്. ഇവരിൽ അൽത്താഫും ബിനുവും മഫ്തിയിലാണ് കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടാനെത്തിയത്.

വീടിന് സമീപത്തുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ ഉദ്യോഗസ്ഥരെ തട്ടിയിട്ട് ഓടാൻ ശ്രമിച്ചു. പിൻതുടർന്ന ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ പിടികൂടുന്നതിനിടെ പ്രതികളിലൊരാൾ സമീപത്തുണ്ടായിരുന്ന കുപ്പിയെടുത്ത് പൊട്ടിച്ച് അൽത്താഫിനെ കുത്തുകയായിരുന്നു എന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദ് പറഞ്ഞു. ഇവരിൽ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വിൽക്കുന്ന സംഘമാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടർന്ന് തിരുവല്ലം പോലീസിൽ അറിയിച്ചു. എസ്.എച്ച്.ഒ. ആർ.ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഷിബുകുമാർ, രാധാകൃഷ്ണൻ എന്നിവരെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു എന്ന് തിരുവല്ലം എസ്.ഐ. ജി.ഗോപകുമാർ അറിയിച്ചു.

Related Articles

Back to top button