
കൊച്ചി: കാലാവധിക്കുശേഷം ഒരു വർഷം കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായിട്ടില്ലെങ്കില്‍ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാൻ മോട്ടോർ വാഹന ആക്ടില്‍ വ്യവസ്ഥയുണ്ടെന്ന് ഹൈകോടതി.
ഡ്രൈവിങ് ടെസ്റ്റ് പാസാകാത്തവർക്ക് ലൈസൻസ് പുതുക്കാൻ ടെസ്റ്റ് ബാധകമാക്കി 2019ല്‍ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ നിരീക്ഷണം.
2000 നവംബറില്‍ ലഭിച്ച ലൈസൻസ് കോവിഡ് കാലഘട്ടത്തില്‍ പുതുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷം പുതുക്കാൻ ഹരജിക്കാരൻ 2022 ജൂലൈയില്‍ കൊടുവള്ളി ജോ. ആർ.ടി ഓഫിസില്‍ അപേക്ഷ നല്‍കി. 2032 വരെ കാലാവധി നീട്ടി ലൈസൻസ് പുതുക്കി ലഭിക്കുകയും ചെയ്തു. പിന്നീട് ലാമിനേറ്റഡ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കാനായി അങ്കമാലി ജോ. ആർ.ടി ഓഫിസില്‍ അപേക്ഷ നല്‍കി. എന്നാല്‍, ഓഫിസില്‍ നേരിട്ട് ഹാജരാകാനും ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് പുതുക്കിയത് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാനും നോട്ടീസ് ലഭിച്ചു. കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് വേണമെന്ന സർക്കുലർ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നോട്ടീസ്.
തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനകം പുതുക്കാത്ത ലൈസൻസുകളുടെ കാര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താത്തപക്ഷം പുതുക്കി നല്‍കാനുള്ള അപേക്ഷ അധികൃതർക്ക് നിരസിക്കാനാവുമെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് പഴക്കമുള്ള ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് ബാധകമാക്കാനുദ്ദേശിച്ചാണ്. അതിനാല്‍, സർക്കുലർ റദ്ദാക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാരണം കാണിക്കല്‍ ഘട്ടത്തില്‍ നല്‍കിയ ഹരജി തീർപ്പാക്കുന്നതായും അപേക്ഷയിന്മേല്‍ നിയമപരമായ നടപടികള്‍ അധികൃതർക്ക് സ്വീകരിക്കാമെന്നും വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാക്കി.





