Malappuram

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരൻ; മുത്തശ്ശന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

Please complete the required fields.




മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട പതിമൂന്നുകാരന് രക്ഷകനായത് മുത്തശ്ശൻ. മഞ്ചേരി പയ്യനാട് പുഴങ്കാവ് കടവിലാണ് സംഭവം.കിഴക്കേത്തല ചോലക്കല്‍ വീട്ടില്‍ അഷ്‌റഫിന്റെ മകൻ മുഹമ്മദ് മുസ്തഫയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. പന്തല്ലൂരിലെ മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം.

മാതാവിന്റെ ഉപ്പ സൈതലവിയോടൊപ്പം മുഹമ്മദ് മുസ്തഫ വീടിനടുത്തുള്ള പുഴക്കടവിലേക്ക് കുളിക്കാൻ എത്തിയപ്പോഴാണ് അപകടം. മുസ്തഫയുടെ സഹോദരനും ഇവരുടെ കൂടെയുണ്ടായിരുന്നു. കുളിക്കുന്നതിനിടെ പെട്ടന്ന് മുസ്തഫ ഒഴുക്കില്‍പ്പെട്ടു. ഉടനെ മുത്തശ്ശനായ സൈതലവി തന്നെ പുഴയിലേക്ക് ചാടി കുട്ടിയെ മുങ്ങിയെടുത്തു. കുട്ടിയെ കരയ്ക്കെത്തിച്ച ശേഷം സൈതലവി കൂവി വിളിച്ച്‌ ആളെകൂട്ടി. തുടർന്ന് കുട്ടിയെ എടുത്ത് കടവില്‍ നിന്ന് 250 മീറ്ററോളം മാറി റോഡിലേക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാനായി വാഹനമൊന്നും കിട്ടിയില്ല.
ഇതിനിടെ സംഭവം പിലാക്കലില്‍ റോഡ് ഉദ്ഘാടനത്തിയ നഗരസഭ ചെയർപേഴ്‌സൻ വി.എം. സുബൈദയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭയുടെ വാഹനം വിട്ടുനല്‍കി. തുടർന്ന് നഗരസഭ ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേർന്ന് അതിവേഗം കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പുഴങ്കാവില്‍ നിർമാണം പൂർത്തിയായ തടയണക്ക് സമീപമാണ് അപകടം നടന്നത്. തടണയ നിർമിക്കുന്നതായി കുഴികള്‍ എടുത്ത ഭാഗത്ത് ആഴം വർധിച്ചിട്ടുണ്ട്. ഇക്കാര്യം അറിയാതെ പുഴയില്‍ കുളിക്കാൻ വരുന്നവരാണ് അപകടത്തില്‍പ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ എത്തുന്നവർക്കായി അപകട മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button