
തലശേരി: കണ്ണൂര്‍ ലോക്‌സസഭാ മണ്ഡലം സ്ഥാനാര്‍ഥിത്വം മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെ നേരിടാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയാകുന്നു.
മുന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം മമ്ബറം ദിവാകരനാണ് കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചത്. ഇടത്,ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി താന്‍ മത്‌സരിക്കുമെന്നാണ് മമ്ബറം ദിവാകരന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ ദിവാകരനെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. മമ്ബറം ദിവാകരന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കി പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചെടുക്കാനുളള നീക്കമാണ് ഡി.സി.സിയിലെ ചില നേതാക്കള്‍ നടത്തുന്നത്.കണ്ണൂരിലെത്തുന്ന കെ.സുധാകരനുമായി മമ്ബറം ദിവാകരനെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ക്ഷണിക്കാനും എതിര്‍പ്പിന്റെ മുനയൊടിക്കാനും നീക്കം നടത്തുന്നുണ്ട്.
ദിവാകരനു പുറമേ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥും മത്‌സരിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തിയാല്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ എം.വി ജയരാജന്‍ ജയിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാംപുകളിലുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു മമ്ബറം ദിവാകരന്‍.
2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്ബറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയര്‍മാനായിരുന്ന മമ്ബറം ദിവാകരന്‍ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകര്‍പ്പന്‍ വിജയം നേടി.
ഒരുകാലത്ത് കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്ബറം ദിവാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ എതിര്‍പക്ഷക്കാരനാണ്. മമ്ബറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്ബറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിന് മറുപടിയുമായി ദിവാകരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്ബറം ദിവാകരന്‍ നല്‍കിയ മറുപടി.മമ്ബറം ദിവാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു പ്രശ്‌നം പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഡി.സി.സി രഹസ്യചര്‍ച്ചകള്‍ തുടങ്ങിയത്.





