നിരീക്ഷണം കടലിന്റെ അടിത്തട്ടിലും; ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടെത്തി പ്രതിരോധം തീര്‍ക്കും; ഇന്ത്യക്ക് ആളില്ലാ ജലാന്തര്‍വാഹനം; നിര്‍മ്മാണം കൊച്ചിയില്‍

കൊച്ചി: സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ആളില്ലാ പ്രതിരോധ ജലാന്തർവാഹനവുമായി ഡിആർഡിഒ. ശത്രുക്കളുടെ അന്തർവാഹിനികളെയടക്കം കണ്ടെത്താനും സമുദ്രാന്തർ നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഹൈ എൻഡ്യൂറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ (എച്ച്‌ഇഎയുവി) ആദ്യ ജലോപരിതല പരീക്ഷണം കൊച്ചി കപ്പല്‍ശാലയിലാണ് വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി.
എച്ച്‌ഇഎയുവി വൈകാതെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് സൂചന. പൂർണമായും തദ്ദേശീയമായാണ് രാജ്യത്തെ ആദ്യ എച്ച്‌ഇഎയുവി വികസിപ്പിച്ചത്. അന്തർവാഹിനിയുടെ ചെറുരൂപമെന്ന് തോന്നിക്കുന്ന എച്ച്‌ഇഎയുവിക്ക് 6,000 ടണ്‍ ഭാരവും 12 മീറ്റർ നീളവുമുണ്ട്. വാഹനത്തിന്റെ പ്രൊപ്പലറുകള്‍ സ്വയം പ്രവർത്തിക്കും. ഗതിനിയന്ത്രണവും സ്വയം നിശ്ചയിക്കും. അത്യാധുനിക സെൻസർ മൊഡ്യൂളുകള്‍, ആശയവിനിമയത്തിനുള്ള പ്രത്യേക സ്യൂട്ട്, സമുദ്രാന്തർഭാഗത്തെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, ശബ്ദതംരഗങ്ങളിലൂടെ സമുദ്രാന്തർഭാഗത്തെ വസ്തുക്കള്‍ തിരിച്ചറിയാനുള്ള സോണാറുകള്‍ തുടങ്ങിയവ ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ രണ്ട് വർഷം മുൻപാണ് എച്ച്‌ഇഎയുവി തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ദീർഘദൂരത്തിലും ആഴത്തിലും സഞ്ചരിച്ച് സമുദ്രാന്തർ നിരീക്ഷണം, അന്തർവാഹിനികള്‍ ഉള്‍പ്പടെയുള്ള ശത്രു സാന്നിധ്യം കണ്ടെത്തല്‍, കടലിനടയിലെ മൈനുകള്‍ കണ്ടെത്തല്‍ എന്നിവയാണ് പ്രധാന ദൗത്യം





