
ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തി തുറന്ന് കവർച്ച. പിലാത്തറ ആന്തൂർകുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽ നിന്നു നാല് പവൻ സ്വർണവും പണവുമാണ് കവർന്നത്. കുടുംബം ആറ്റുകാൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയതായിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഒരു ഭാഗം പൊളിച്ചാണ് കവർച്ച. സംശയം തോന്നിയ അയൽവാസികളാണ് വിവരം വീട്ടുടമയെ അറിയിച്ചത്. തുടർന്ന് സമീപത്തെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് മുറിയിലായി അലമാരകളിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും, രണ്ട് ജോഡി വെള്ളി പാദസ്വരങ്ങളും, പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. മുൻവശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചു വെട്ടിപ്പൊളിച്ച നിലയിലാണ്. അടുക്കള ഭാഗത്തെ ഇരുമ്പ് വാതിലിന്റെ പൂട്ടും തകർക്കപ്പെട്ടു. വീടിനു സമീപത്ത് നിന്നു മോഷ്ടാവിന്റേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തി. ഒറ്റപ്പാലം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.





