Kerala

മുല്ലപ്പെരിയാർ – ബേബിഡാമിന് സമീപത്തെ മരംമുറിക്കൽ അനുമതി; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി എ കെ ശശീന്ദ്രൻ

Please complete the required fields.




മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തുള്ള 15 മരങ്ങൾ മുറിക്കുന്നതിന് കേരളം അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് മന്ത്രി അറിയാതെയാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയതെന്നാണ് ലഭിക്കുന്ന വിവരം. പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാൽ മതിയെന്നുമുള്ള തമിഴ്‌നാടിന്റെ നിലപാടിന് ശക്തി പകരുന്നതാണ് കേരളത്തിന്റെ ഈ പുതിയ തീരുമാനം.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച അഞ്ച് അംഗ തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം.

ഇതിനിടെ ബേബി ഡാം ശക്തിപ്പെടുത്താൻ തടസമായ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിപറഞ്ഞ് കത്തയച്ചു. അതേസമയം ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എട്ട് സ്പിൽവേ ഷട്ടറുകളും അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറവാണ്. നിലവിൽ 138.5 അടിയാണ് ഡാമിലെ ജലനിരപ്പ്. നിലവിലെ റൂൾ കർവ് പ്രകാരം ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 139. 5 അടിയാണ്.

Related Articles

Leave a Reply

Back to top button