വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വർക്കലയിൽ നവവധുവിനെ ഭർതൃ ഗൃഹത്തിൽ നിലവിളക്ക് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന സംഭവത്തിൽ ഭർത്താവ് വർക്കല അയന്തി സ്വദേശി അനീഷ് ന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ആലപ്പുഴ മുല്ലയ്ക്കൽ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജൂലൈ 8 ന് ആയിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ചേർന്നു നടത്തിയ അറേഞ്ച് വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ജൂലൈ 19ന് ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും സെപ്റ്റംബർ 1ന് അനീഷിന്റെ ചികിത്സ സംബന്ധമായ ആവശ്യത്തിന് ദുബായിൽ ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നും ലീവിന് നാട്ടിൽ എത്തുകയുമായിരുന്നു അനീഷും ഭാര്യ നിഖിതയും.
ഇന്ന് പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അനീഷ് മുറിയുടെ വാതിൽ തുറന്നിരുന്നില്ല. നിഖിതയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് അനീഷിന്റെ സഹോദരൻ കമ്പിപ്പാരയ്ക്ക് മുറിയുടെ വാതിൽ കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. ഫാനിൽ ബെഡ് ഷീറ്റ് കൊണ്ട് കുരുക്ക് ഇട്ടിട്ടുന്നു. നിഖിതയുടെ വയറ്റിൽ കുത്തേറ്റ മുറിവുണ്ടായിരുന്നു. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ വയറ്റിൽ കുത്തിയതും തുടർന്ന് തലയ്ക്കു അടിച്ചതും.
ശക്തമായ അടിയിൽ നിഖിതയുടെ തലയോട്ടി പിളർന്ന് തലച്ചോർ വെളിയിൽ വന്നിരുന്നു. നിഖിതയുടെ ചോര പുറത്ത് പുരണ്ട അവസ്ഥയിൽ നിന്ന അനീഷ് നിഖിതയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് കൃത്യം ചെയ്തത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇവർ തമ്മിലുള്ള വഴക്കിനിടയിൽ തോർത്തു ഉപയോഗിച്ച് കഴുത്തിൽ ഇറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു . തുടർന്ന് വിളക്ക് കൊണ്ട് മുറിവേറ്റ നിഖിതയെ കെട്ടി തൂക്കാൻ വേണ്ടിയാണ് ഫാനിൽ ബെഡ്ഷീറ്റ് കൊണ്ട് കുരുക്കിട്ടത് എന്നാണ് പോലീസിന്റെ നിഗമനം. അനീഷ് മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നുള്ള വാർത്ത സംഭവത്തോട് അനുബന്ധിച്ചു പുറത്തു വന്നിരുന്നു. ഇത് പോലീസ് അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞതായി വർക്കല SHO സനോജ് അറിയിച്ചു.
സംഭവത്തിനിടുവിൽ വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് നിഖിതയുടെ മൃതദേഹം മാറ്റുകയായിരുന്നു. അനീഷിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിക്കുകയും ചെയ്തു. സംശയരോഗം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. എന്നാൽ മാനസിക സമ്മർദത്തിന് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് അനീഷ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യയെ സംശയിക്കുന്ന ഇയാൾക്ക് ബാംഗ്ലൂരിൽ ഉള്ള മറ്റൊരു യുവതിയുമായി വിവാഹത്തിന് മുന്നേ തന്നെ ബന്ധം ഉണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് ഇതുമായി ബന്ധം ഉണ്ടോ എന്നും യുവതിയുടെ ഫോൺ നമ്പർ ഉൾപ്പെടെ ഉള്ളവ ശേഖരിച്ചു വിശദമായി അന്വേഷണം നടത്തും എന്നും വർക്കല SHO പറഞ്ഞു.
ഫോറൻസിക് വിഭാഗവും അനീഷിന്റെ വീട്ടിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം അനീഷിന്റെ കൈയിലെ രക്തം പാടുകൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരക്കുകയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
RMO യുടെ സാന്നിധ്യത്തിൽ ഇൻക്യസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. നിഖിതയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രിയോടെ വീട്ടുവളപ്പിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.




