മാനന്തവാടി: വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മുഴുവന്‍ റോഡുകളും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാട്ടുകാര്‍. ആന ഒരാളുടെ ജീവനെടുത്തപ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളിലേക്ക് കടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മാനന്തവാടി നഗരത്തിലും അജിയുടെ മൃതദേഹമുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധമുണ്ട്. കളക്ടറും സിസിഎഫും ഡിഎഫ്ഒയും സ്ഥലത്തെത്താതെ പോസ്റ്റുമോര്‍ട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പടമല ചാലിഗദ്ദ പനച്ചിയില്‍ അജി (47) യാണ് ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിട്ടുണ്ട്.